കൊച്ചി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് അയച്ച അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വനം വകുപ്പ് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
മയക്കുവെടി വച്ച് പരിശോധിച്ചപ്പോഴാണ് ആനയുടെ കാഴ്ചക്കുറവ് സംബന്ധിച്ച് മനസ്സിലായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ ആനയ്ക്ക് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. ഇതുകൂടാതെ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടി കൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.
ഏപ്രിൽ 30നാണ് ഞായറാഴ്ച പുലർച്ചെ നാലരയോടെ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടത്. നിലവിൽ ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും നഷ്ടമായ റേഡോയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങിയെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.
ഇതിനിടെ, കാടിനുള്ളിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി ആരാഞ്ഞു. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിനോട് നിർദേശിച്ചു.
അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്താണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അഭിനന്ദന കത്തയച്ചത്.മനുഷ്യ- മൃഗ സംഘർഷങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.