തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമ വന്‍ വിവാദങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതുമുതലായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള നിരവധി പേരാണ് സിനിമയ്‌ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി. ട്വിറ്ററിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്നും ശശി തരൂര്‍ പറഞ്ഞു.
മതം മാറി 32000 പേര്‍ സിറിയയിലേക്ക് പോയെന്നായിരുന്നു ട്രെയിലറില്‍ പറഞ്ഞത്. അതേസമയം, സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സുദീപ്തോ സെന്‍ ആണ് സിനിമയുടെ സംവിധാനം.
സിനിമയിലെ വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്. മതം മാറി 32000 പേര്‍ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തില്‍ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് ഒരു കോടി ഇനാം നല്‍കുമെന്നാണ് യൂത്ത് ലീഗ് പ്രഖ്യാപനം.