പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹത? 595 പവൻ കാണാനില്ല; യുവതിയുടെ ആഡംബര വീട്ടിൽ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധന നടത്തി പോലീസ്

കാസർകോട്: സമ്പന്ന വ്യവസായിയുടെ ദുരൂഹ മരണത്തിന് പിന്നാലെ സ്വർണവും വീട്ടിൽ നിന്നും കാണാതായസംഭവത്തിൽ സമീപത്തെ യുവതിയുടെ വീട്ടിൽ പോലീസ് പരിശോധന. പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എംസി ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെയാണ് വീട്ടുകാർ 595 പവൻ കാണാതായെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയിൽ ഉന്നയിച്ച രണ്ടു പേരിലേക്കാണ് പരിശോധന നീണ്ടിരിക്കുന്നത്.

ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മലിന്റെ പരാതിയെ തുടർന്ന് ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള യുവതിയുടെ ആഡംബരവീട്ടിലാണ് ബേക്കൽ ഇൻസ്പെക്ടർ യുപി വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. മെറ്റൽ ഡിക്ടറ്റർ അടക്കമുള്ള ഉപകരണങ്ങളുമായി കാസർകോട്ടുനിന്നുള്ള പ്രത്യേക സംഘമാണ് ബേക്കൽ പോലീസിനെ പരിശോധനയിൽ സഹായിച്ചത്.

ശനിയാഴ്ച രാവിലെ ഒൻപതോടെ തുടങ്ങിയ പരിശോധന മൂന്നുമണിക്കൂറോളം നീണ്ടു. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബേക്കൽ ഇൻസ്പെക്ടർക്ക് പുറമേ എസ്‌ഐ ജോൺ, രേഷ്മ, സൗമ്യ, രഘു, മനോജ്, സുഭാഷ് എന്നിവരും കാസർകോട്ടുനിന്നുള്ള പോലീസുകാരും പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

അഹമ്മദ് മുസമ്മിൽ പോലീസിൽ നൽകിയ പരാതിയിൽ ഈ യുവതിയുടെയും ഭർത്താവിന്റെയും പേര് പരാമർശിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. അകത്തളം അറബിക് മാതൃകയിൽ ക്രമീകരിച്ച കൂറ്റൻ മതിൽക്കെട്ടും സി.സി.ടി.വി. ക്യാമറകളും നിറഞ്ഞ വീടിന്റെ ഗൃഹപ്രവേശനം ഈയടുത്ത് സോഷ്യൽമീഡിയയിലടക്കം വൈറലായിരുന്നു. ഇവിടെയാണ്‌പോലീസ് സംഘമെത്തിയത്.

ALSO READ- ശ്രീനാഥിനെ വെച്ച് തന്നെ സിനിമ ഇറക്കും; ആര് പറഞ്ഞാലും നിർത്തി വയ്ക്കില്ല; സംഘടനയിൽ പല അച്ഛനും അമ്മയ്ക്കും ജനിച്ചവരാണ്; സംവിധായകൻ

ഏപ്രിൽ 14-ന് പുലർച്ചെയാണ് ഫറൂഖിയ മസ്ജിദിന് സമീപം ബൈത്തുൽ റഹ്‌മയിലെ എംസി ഗഫൂർ ഹാജി (55)യെ മരിച്ചനിലയിൽ സ്വന്തം വീട്ടിൽ കണ്ടെത്തിയത്. ഈ സമയത്ത് വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. തുടർന്ന് മൃതദേഹം കണ്ടെത്തിയപ്പോൾ ആർക്കും സംശങ്ങളൊന്നുമില്ലായിരുന്നു. സ്വാഭാവികമരണമെന്ന നിലയിൽ വീട്ടുകാരും നാട്ടുകാരും ചേർന്ന് അന്നുതന്നെ കബറടക്കം നടത്തുകയും ചെയ്തു.


പിന്നീടാണ് ഗഫൂർ ഹാജിയുടെ വീട്ടിൽനിന്ന് 595 പവൻ നഷ്ടപ്പെട്ടിരിക്കുന്നെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. ഇതോടെയാണ് സംശയമുള്ള രണ്ട് പേരുകൾ സൂചിപ്പിച്ച് പോലീസിൽ പരാതി നൽകിയത്. പിന്നാലെ, ഇക്കഴിഞ്ഞ വ്യാഴാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. തുടർന്നാണ് യുവതിയുടെ ആഡംബരവീട്ടിൽ പോലീസ് പരിശോധന നടത്തിയത്.

Exit mobile version