കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ രണ്ട് കടകളുടെ ഷട്ടറുകള്‍ക്ക് മുന്നില്‍ പാഴ്വസ്തുക്കള്‍ കൂട്ടിയിട്ട് തീവച്ചു. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. രാവിലെ കടതുറക്കാനെത്തിയ വ്യാപാരികളാണ് ഷട്ടറുകള്‍ക്ക് തീപിടിച്ചതായി കണ്ടത്.
മിഠായി തെരുവിലെ ഹനുമാന്‍ കോവിലിന് മുന്നിലുള്ള 2 കടകളുടെ ഷട്ടറുകള്‍ക്കാണ് കേടുപാടുകള്‍ പറ്റിയത്. ഷട്ടറിനോട് ചേര്‍ന്ന് കത്തികരിഞ്ഞ നിലയില്‍ പാഴ്വസ്തുക്കളുമുണ്ട്. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളെ തുടര്‍ന്ന് തെരുവില്‍ കനത്ത പോലീസ് കാവലേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സംഭവം.
അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടിയത് പോലീസ് അനാസ്ഥ മൂലമാണെന്നാണ് വ്യാപാരികളുടെ ആരോപണം.
അക്രമികളെ പിടികൂടി മുന്നിലെത്തിച്ചിട്ട് പോലും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. മിഠായി തെരുവിലെ അക്രമസംഭവങ്ങളില്‍ ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസിന് വീഴ്ച പറ്റിയതായി പറയുന്നില്ല.