തൊടുപുഴ: അയൽവാസിയുടെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയും മകളും ഒളിവിൽ. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ നടക്കാനിറങ്ങിയ നാൽപ്പത്തിനാലുകാരനെ മുളകുപൊടി വിതറി ക്വട്ടേഷൻ സംഘം ആക്രമിച്ചത്. അക്രമി സംഘത്തിലെ രണ്ടുപേർ പിടിയിലായി.
രാവിലെ നടക്കാനിറങ്ങിയ തൊടുപുഴ സ്വദേശി ഓമനക്കുട്ടന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ക്വട്ടേഷൻ സംഘം മുളകുപൊടി വിതറി ഓമനക്കുട്ടനെ തല്ലിച്ചതയ്ക്കുകയായിരുന്നു.
ഇതിന് പിന്നിൽ അയൽവാസിയും ബന്ധുവുമായ മിൽഖയും മകൾ അനീറ്റയുമാണ് എന്ന് ഓമനക്കുട്ടൻ സംശയമുന്നയിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇരുവരും ഒളിവിൽ പോയി.
തുടർന്ന് പോലീസ് ഇവരുടെ ഫോൺ റെക്കോർഡ് ശേഖരിച്ചു. ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി. സംഭവത്തിൽ ഗുണ്ടകളായ സന്ദീപിനെയും സുഹൃത്തിനെയും എറണാകുളം ചേരാനെല്ലൂരിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
30,000 രൂപയ്ക്ക് ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നെന്ന് ഇരുവരും സമ്മതിച്ചു. മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. മിൽഖയും ഓമനക്കുട്ടനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ് പോലീസ്.
Discussion about this post