ന്യൂഡൽഹി: കർണാടകയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയ സിപിഎം രാജ്യസഭ എംപി ജോൺ ബ്രിട്ടാസിന് നോട്ടീസ്. രാജ്യസഭ ചെയർമാനും വൈസ് പ്രസിഡന്റുമായ ജഗ്ദീപ് ധൻകറാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ജോൺ ബ്രിട്ടാസ് ഇന്ത്യൻ എക്സ്പ്രസിലാണ് അമിത് ഷായെ വിമർശിച്ച് ലേഖനം എഴുതിയത്. ഇത് രാജ്യദ്രോഹമാണെന്ന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് നടപടി. കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് പി സുധീർ ആണ് പരാതി നൽകിയത്.
തുടർന്നാണ് പരാതിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രാജ്യസഭ ചെയർമാന് നൽകിയ പരാതിയുടെ സ്വഭാവം തന്നെ അപലപിക്കപ്പെടേണ്ടതാണെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.
രാജ്യസഭ ചെയർമാൻ ഇക്കാര്യത്തിൽ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മൗലികവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നമ്മുടെ ചെയർമാൻ എന്റെ അവകാശങ്ങളും സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
നേരത്തെ, കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാൽ ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ രക്ഷയുള്ളുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ ആയിരുന്നു ജോൺ ബ്രിട്ടാസിന്റെ ലേഖനം.
Discussion about this post