കോഴിക്കോട്: അന്തരിച്ചനടൻ മാമുക്കോയയുടെ അന്ത്യകർമ്മങ്ങൾക്കിടെ മകൻ മുഹമ്മദ് നിസാർ ഒരാളുടെ മൊബൈൽ പിടിച്ചുവാങ്ങുന്ന വീഡിയോ പുറത്തെത്തിയിരുന്നു. മൃതദേഹത്തെ പോലും അനാദരിക്കുന്ന രീതിയിൽ മൊബൈലിൽ വീഡിയോ എടുത്ത് ബുദ്ധിമുട്ടിച്ചതോടെയാണ് ഫോൺ പിടിച്ചുവാങ്ങേണ്ടി വന്നതെന്ന് സോഷ്യൽമീഡിയ കമന്റുകളിൽ പറയുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ. മയ്യത്ത് കബർസ്ഥാനിൽ കയറ്റാൻ പോലും സമ്മതിക്കാതെ ചിലർ തിക്കിത്തിരക്കി വിഡിയോ എടുക്കുന്നത് കണ്ടു. ഒടുവിൽ ഞാൻ ഒരാളുടെ ഫോൺ പിടിച്ചു വാങ്ങി മാറ്റേണ്ടി വന്നുവെന്നാണ് നിസാർ പറയുന്നത്.
ഇതിനിടെ, അക്കാര്യം കണ്ടിട്ട് ചിലർ കമന്റ് പറയുന്നത് കേട്ടു. ഞാൻ ഒരു നടനോ രാഷ്ട്രീയക്കാരനോ അല്ല, എനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന്. സിനിമാ സീൻ ഒന്നും അല്ലല്ലോ എടുക്കുന്നത്. ജീവിതത്തിൽ പെട്ടെന്ന് പ്രതീക്ഷിക്കാതെ വരുന്ന സംഭവമാണ് മരണം. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല.- നിസാർ പറയുന്നു.
തന്റെ ഉപ്പയുടെ അന്ത്യകർമങ്ങൾ നടക്കുന്ന സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. താൻ അയാളോടും മാപ്പുപറയുന്നു എന്നും മുഹമ്മദ് നിസാർ വിശദീകരിച്ചു.
ഇതിനിടെ, ഉയർന്ന് മാമുക്കോയക്ക് അർഹമായ ആദരവ് നൽകിയില്ലെന്ന വിവാദങ്ങളോടും മുഹമ്മദ് നിസാർ പ്രതികരിച്ചു. ആരെങ്കിലും വരാതിരുന്നതിൽ വിഷമമില്ലെന്നും ആരും ശത്രുത കാരണമല്ല വരാതിരുന്നത് സാഹചര്യം കാരണമാണെന്നും ഇക്കാര്യം വിവാദമാക്കരുതെന്നും നിസാർ പ്രതികരിച്ചു.