കരുമാല്ലൂർ: യാത്രയ്ക്കിടെ പെട്രോൾ പമ്പിലെത്തി എണ്ണയടിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി തിരികെനൽകി യുവാക്കളുടെ നല്ല മാതൃക. കരുമാല്ലൂർ തട്ടാംപടി സ്വദേശികളായ പൂങ്കുടിപ്പറമ്പിൽ വിനീഷ്, പുന്നപ്പേരി സിജു എന്നിവരാണ് ഉടമയായ യുവതിക്ക് പോലീസിന്റെ സാന്നിധ്യത്തിൽ ആഭരണം തിരികെ നൽകിയത്.
ഹൈക്കോടതിയിൽ ജോലിചെയ്യുന്ന മനയ്ക്കപ്പടി സ്വദേശിനി ജിലിക്കാണ് പാദസരം തിരികെ ലഭിച്ചത്. ആനച്ചാലിലെ പമ്പിൽ വണ്ടിയിൽ ഇന്ധനം നിറയ്ക്കാനെത്തിയപ്പോൾ ജിലിയുടെ കാലിലെ ഒരു പാദസരം നഷ്ടപ്പെട്ടിരുന്നു.
ഈ സമയത്താണ് വിനീഷും സിജുവും പമ്പിലെത്തിയത്. അവർക്ക് ഈ പാദസരം നിലത്തുനിന്നും കിട്ടുകയായിരുന്നു. ലഭിച്ചപ്പോൾ ആദ്യം മുക്കുപണ്ടമാണെന്നാണ് കരുതിയത്. പിന്നീട് പരിശോധിച്ചപ്പോൾ സ്വർണാഭരണമാണെന്ന് വ്യക്തമായതോടെ വിവരം ആലങ്ങാട് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഒപ്പം വിവരം സമൂഹമാധ്യമങ്ങളിലുമിട്ടു. അങ്ങനെ വിവരമറിഞ്ഞാണ് ഉടമ അവരെ തേടിയെത്തിയത്.
പിന്നീട് പോലീസ് സാന്നിധ്യത്തിൽ പാദസരം കൈാറി. പോലീസ് സ്റ്റേഷനിൽവെച്ച് പ്രിൻസിപ്പൽ എസ്.ഐ. അരുൺദേവ്, എ.എസ്.ഐ. ബിനോജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം കൈമാറിയത്.