ചിന്നക്കനാൽ: ജനങ്ങളെ ഭീതിയിലാക്കിയ അരിക്കൊമ്പനെ മയക്കിയെങ്കിലും വാഹനത്തിൽ കയറ്റാനാകാതെ കുഴങ്ങിയ ദൗത്യസംഘത്തെയാണ് കാണാനായത്. ആറ് ഡോസ് മയക്കുവെടി വെച്ചെങ്കിലും അർധ മയക്കത്തിലായെങ്കിലും വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ അരിശത്തിലായിരുന്നു അരിക്കൊമ്പൻ.
ഒടുവിൽ ഏഴാമത്തെ ഡോസിലാണ് മയക്കം പൂർണായി വരുതിയിലാക്കാനായത്. പിന്നീട് കനത്ത മഴയെയും തരണം ചെയ്ത് നീണ്ട സമയത്തെ പരിശ്രമത്തിന് ഒടുവിൽ അനിമൽ ആംബുലൻസിലേക്ക് അരിക്കൊമ്പനെ കയറ്റാൻ സാധിച്ചിരിക്കുകയാണ്.
നേരത്തെ, നാല് കുങ്കിയാനകൾ ചുറ്റും നിന്ന് തള്ളിയിട്ടും അരിക്കൊമ്പൻ വാഹനത്തിൽ കയറാതെ ചീറി പിന്തിരിയുകയായിരുന്നു. ഇതിനിടെ കനത്തമഴയെത്തിയത് ദൗത്യ സംഘത്തിന് തിരിച്ചടിയായി. തണുത്തജലം ആനയുടെ മയക്കത്തെ ഉണർത്തുമോ എന്നായിരുന്നു ആശങ്ക. രണ്ട് കാലുകൾ വാഹനത്തിൽ കയറ്റിയിട്ടും അരിക്കൊമ്പൻ കയറാൻ കൂട്ടാക്കിയിരുന്നില്ല.
കുംകി ആനകളുടെ ശക്തമായ പ്രതിരോധമാണ് കാട്ടനയെ പൂട്ടിയിരിക്കുന്നത്.
ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റാനാണ് സാധ്യത.