അടിമാലി: ബൈക്കിൽ യാത്ര തിരിച്ച യുവാക്കളുടെ മടക്കയാത്ര അവസാനിച്ചത് ദുരന്തത്തിൽ. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ വാളറയ്ക്കു സമീപം കോളനിപ്പാലത്താണ് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 2 യുവാക്കൾ മരിച്ചത്. കോട്ടയം എരുമേലി മുട്ടപ്പിള്ളി വെള്ളാപ്പള്ളിൽ ഷാജിയുടെ മകൻ വിഎസ് അരവിന്ദ് (കണ്ണപ്പൻ-24), തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട തെക്കേക്കര വെളിയത്തുപറമ്പിൽ കനകന്റെ മകൻ കാർത്തിക് (19) എന്നിവരാണു മരിച്ചത്.
പുതിയ ബൈക്ക് എടുത്ത സന്തോഷത്തിലാണ് സുഹൃത്തുക്കളായ നാല് പേർ രണ്ട് ബൈക്കുകളിലായി യാത്ര തിരിച്ചത്. അരവിന്ദും കാർത്തികും ഒരേ ബൈക്കിലായിരുന്നു. ബൈക്കിൽ മൂന്നാർ സന്ദർശിച്ചശേഷം മടങ്ങവേ ഇന്നലെ രാവിലെ എട്ടരയ്ക്കാണ് അപകടമുണ്ടായത്.
ഇരുവരും എറണാകുളത്ത് കോഫി ഷോപ്പിൽ ജീവനക്കാരാണ്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠനത്തോടൊപ്പമാണു കാർത്തിക് ജോലി ചെയ്തിരുന്നത്. ഇരുവരും അപകടസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഒരാഴ്ച മുൻപു വാങ്ങിയ ബൈക്ക് ഓടിച്ചിരുന്നത് അരവിന്ദായിരുന്നു.
അരവിന്ദിന്റെ അമ്മ: രമണി (ബിന്ദു). സഹോദരൻ: ജിത്തു. കാർത്തിക്കിന്റെ അമ്മ: ഷീബ. സഹോദരി: കാവ്യ.
Discussion about this post