തൃശ്ശൂര്‍: സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തില്‍ ഉയരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കേരളത്തില്‍ വലിയ തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 32,000 സ്ത്രീകളെ പ്രണയിച്ചതിയില്പ്പെടുത്തി മതം മാറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി എന്നാണ് ചിത്രത്തില്‍ പറയുന്നത്.
ഇപ്പോഴിതാ കണക്കുകള്‍ നിരത്തി വിമര്‍ശനം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. 32,000 പോയിട്ട് ഒരു 30 കേസുകള്‍ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?
പ്രണയച്ചതിയില്‍പ്പെട്ട പെണ്കുട്ടികളെയല്ലേ നാട് കടത്തിയിട്ടുണ്ടാവുകയുള്ളൂ, അവരുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവിടെത്തന്നെ കാണുമല്ലോ? അവരോരുത്തരെയും നേരില്‍ കണ്ട്, അവരുടെ മൊഴികള്‍ രേഖപ്പെടുത്തി, പഞ്ചായത്ത് അടിസ്ഥാനത്തില്‍ കൃത്യമായ കണക്കും വിവരവും ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്തട്ടെ. ഇതൊരു ചലഞ്ചായി, വെല്ലുവിളിയായി, ഏറ്റെടുക്കാമോ ബിജെപിക്കാരാ?. വി.ടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിക്കുന്നു.
‘32,000 ഒന്നുമില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും ഉണ്ടാവാതിരിക്ക്യോ?’
‘എന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തും അവരുടെ അനുഭവത്തില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായതായി പറയുന്നത് കേട്ടു. എന്താണ് സത്യാവസ്ഥ എന്നൊന്നും എനിക്കറിയില്ല’
ഒരുപാട് ‘മതേതരവാദി’കളേക്കൊണ്ടും ‘യുക്തിവാദി’കളേക്കൊണ്ടുമൊക്കെ ഇങ്ങനെ ‘നിഷ്ക്കളങ്ക’മായി ചിന്തിപ്പിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് സംഘ് പരിവാറിന്റെ വിജയം.
32000 പെണ്‍കുട്ടികള്‍!
പ്രണയിച്ച് വിവാഹം കഴിച്ചവരുടെ കണക്കല്ല, പ്രണയച്ചതിയില്‍ പെടുത്തി മതം മാറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയവരുടെ എണ്ണമാണത്രേ!
ഇന്ത്യക്ക് പുറത്തേക്ക് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കുമൊക്കെ മനുഷ്യക്കടത്ത് നടത്തിയ മലയാളി പെണ്‍കുട്ടികളുടെ എണ്ണമാണത്രേ
അതായത് കേരളത്തിലെ ഓരോ പഞ്ചായത്തില്‍ നിന്നും ശരാശരി 30-40 പെണ്‍കുട്ടികള്‍
ഓരോ വാര്‍ഡില്‍ നിന്നും ഒന്നിലേറെ പെണ്‍കുട്ടികള്‍!
32,000 പോയിട്ട് ഒരു 30 കേസുകള്‍ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?
വേണ്ട, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 2-3 കേസുകള്‍ക്കപ്പുറം നാലാമതൊരു കേസ് കൃത്യമായി എടുത്തുപറയാമോ?
കേരള പോലീസിന്റെ ഏതെങ്കിലുമൊരു ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ?
നരേന്ദ്ര മോദിയുടെ എന്‍ഐഎക്ക് കേരളത്തില്‍ നിന്ന് വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വല്ലതും മുന്നോട്ടുവയ്ക്കാനുണ്ടോ?
ഇല്ല എന്നാണ് ഇവക്കെല്ലാം ഇതുവരെയുള്ള ഉത്തരം.
അതുകൊണ്ട് ‘ലവ് ജിഹാദ്’വാദികള്‍ക്ക്, അല്ലെങ്കില്‍ ബിജെപിക്കാര്‍ക്ക്, ഇതൊരു ചലഞ്ചായി ഏറ്റെടുക്കാവുന്നതാണ്.
കേരളത്തില്‍ ബിജെപിക്ക് മിക്കവാറും എല്ലാ ബൂത്തിലും 50 വോട്ടെങ്കിലും ലഭിക്കാറുണ്ട്. എല്ലാ പഞ്ചായത്തിലും 50 പ്രവര്‍ത്തകരെങ്കിലും ഉണ്ട്. ‘ലവ് ജിഹാദ്’വാദികളായ മറ്റുള്ളവര്‍ക്കും ഓരോ സ്ഥലത്തും അവരുടേതായ സംഘടനാ സംവിധാനങ്ങളുണ്ട്. അവരൊക്കെ ഫീല്‍ഡില്‍ ഇറങ്ങി കൃത്യമായ വിവരം ശേഖരിക്കട്ടെ. പ്രണയച്ചതിയില്‍പ്പെട്ട പെണ്കുട്ടികളെയല്ലേ നാട് കടത്തിയിട്ടുണ്ടാവുകയുള്ളൂ, അവരുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവിടെത്തന്നെ കാണുമല്ലോ? അവരോരുത്തരേയും നേരില്‍ കണ്ട്, അവരുടെ മൊഴികള്‍ രേഖപ്പെടുത്തി, പഞ്ചായത്ത് അടിസ്ഥാനത്തില്‍ കൃത്യമായ കണക്കും വിവരവും ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്തട്ടെ.
ഇതൊരു ചലഞ്ചായി, വെല്ലുവിളിയായി, ഏറ്റെടുക്കാമോ ബിജെപിക്കാരാ? ഇല്ലെങ്കില്‍ ഇതിവിടം കൊണ്ട് നിര്‍ത്തിക്കോണം. ഒരു മതസമൂഹത്തെ നിരന്തരമായി സംശയമുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള, അവര്‍ക്കെതിരെയുള്ള വേട്ടയാടലിനും ഒരുപക്ഷേ വംശഹത്യക്കും വരെ കളമൊരുക്കുന്ന തരത്തിലുള്ള നിങ്ങളുടെ ഈ വിഷലിപ്തമായ നുണപ്രചരണം ഇവിടെ ഈ നിമിഷം അവസാനിപ്പിക്കണം. നിങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിന് ഈ കേരളത്തെ വിട്ടുതരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.
Discussion about this post