പാലക്കാട്: കാഞ്ഞിരത്താണിയില്‍ സഹോദരന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. പാരിക്കുന്നത്ത് ഫൈസല്‍, സഹോദരന്‍ അഷ്റഫ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ നാല് വാഹനങ്ങളും ഒരു വീടും തകര്‍ന്നു. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ഫൈസലിന്റെ വീട്ടിലെത്തിയ അജ്ഞാത സംഘം വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ കത്തിച്ചിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു. പുലര്‍ച്ചെ 1.30ന് വാഹനങ്ങളിലെത്തിയ അക്രമി സംഘം ഫൈസലിന്റെ സഹോദരന്‍ അഷ്റഫിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു.
തീപിടിച്ച കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വീടിന് തീപിടിക്കുകയുമായിരുന്നു. വീടിന്റെ ജനലും ഉള്‍ഭാഗവും കത്തിനശിച്ചു. ഇതേസമയത്ത് തന്നെ ഫൈസലിന്റെ വീടിന് നേരെ കല്ലെറിയുകയും ജനലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീയിടുകയും മറ്റൊന്ന് അടിച്ചുതകര്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തീയണച്ചു.
കപ്പൂര്‍ സിറ്റിക്ക് സമീപമുള്ള ഉരുവിന്‍പുറത്ത് കാദര്‍ എന്നയാളും ഫൈസലുമായി സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരത്താണി സെന്ററിലും കാദറിന്റെ വീട്ടിലും വെച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അക്രമങ്ങളുണ്ടായതെന്നാണ് ഫൈസലിന്റെയും അഷ്റഫിന്റെയും ആരോപണം. തൃത്താല സിഐ സി വിജയകുമാറിന്റെയും എസ്ഐ ജി ഷേണുവിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. പാലക്കാട് നിന്നെത്തിയ ഫോറന്‍സിക് സംഘവും പരിശോധന നടത്തി. സംഭവ സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.