തിരുവനന്തപുരം: സഞ്ചരിക്കുന്ന ലോറിയിൽ ബാർ മോഡലിൽ മദ്യം വിളമ്പിയിരുന്ന യുവാവിനെ പിടികൂടി എക്‌സൈസ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും എല്ലാം സഞ്ചരിക്കുന്ന ലോറിയിലെത്തി മദ്യവിൽപ്പന നടത്തുമെന്ന് പരസ്യം ചെയ്ത യുവാവിനെയാണ് തിരുവനന്തപുരത്ത് എക്‌സൈസ് വലയിലാക്കിയത്.
തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിൽ നിന്ന് ബാറുപോലെ തയാറാക്കിയ ലോറിയും അതിൽ സൂക്ഷിച്ചിരുന്ന മദ്യവും പിടികൂടി. ‘ഡിജെ പാർട്ടികളോ കല്യാണമോ ആഘോഷങ്ങൾ ഏതുമാകട്ടെ, മദ്യവുമായി ഈ മിനി ലോറി ഓടിയെത്തും. തട്ടുകട പോലുള്ള സെറ്റപ്പിൽ എവിടെയും മദ്യം വിളമ്പുകയും ചെയ്യും’- എന്നായിരുന്നു കുമാരപുരം സ്വദേശിയായ ഇഷാൻ നിഹാൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയിരുന്നത്. ഇയാൾ പ്രചരിപ്പിച്ച പരസ്യം കണ്ട ഒരാളാണ് എക്‌സൈസിൽ പരാതിപ്പെട്ടത്.
തുടർന്ന് ഇന്നലെ എക്‌സൈസ് സംഘം ഇഷാന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. തുടർന്ന് ലോറിയും ഇഷാനും എകിസൈസിന്റെ കസ്റ്റഡിയിലായി. മിനിവാനിൽ പരിശോധിച്ചപ്പോൾ കണ്ടത് മിനി ബാർ തന്നെയായിരുന്നു. പത്ത് ലീറ്റർ വിദേശമദ്യവും 38 ലീറ്റർ ബീയറും കമ്‌ടെടുത്തു.
പിന്നാലെ, അനധികൃതമായി മദ്യം സൂക്ഷിച്ചതിനും മദ്യത്തേക്കുറിച്ച് പ്രചരിപ്പിച്ചതിനും കേസെടുത്ത് ഇഷാനെ പിടികൂടി. പരസ്യം നൽകി ഇയാൾ അനധികൃതമായി എവിടെയെങ്കിലും മദ്യവിൽപ്പന നടത്തിയിരുന്നോയെന്ന് എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. അക്കാര്യം സ്ഥിരീകരിക്കാനായാൽ കേസ് വേറെയും വരുമെന്ന് എക്‌സൈസ് തിരുവനന്തപുരം സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.