അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നു; ഖേദം പ്രകടിപ്പിക്കുന്നു; കാസർകോട്ടെ ഷൂട്ടിംഗ് മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമായതിനാൽ എന്ന പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് രഞ്ജിത്ത്

സിനിമാസംഘടനകളുടെ യോഗത്തിന് പിന്നാലെ നൽകിയ ഒരു അഭിമുഖത്തിൽ കാസർകോട് വിരുദ്ധ പ്രസ്താവന നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് നിർമാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ എം രഞ്ജിത്.

കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘കാസർഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്.’

‘എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’- എന്നാണ് രഞ്ജിത് ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ- പിടികൂടാനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ‘മുങ്ങിയ’ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചതോടെ ‘പൊങ്ങി’; കണ്ടെത്തിയത് ശങ്കരപാണ്ഡ്യമേട്ടിൽ; നാളെ മിഷൻ തുടരും

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം രഞ്ജിത് വിവാദ പരാമർശം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെ വിലക്കുകയും യുവതാരങ്ങൾക്ക് ഇടയിൽ മയക്കുമുന്ന് ഉപയോഗം കൂടുതലാണെന്ന് പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെയാണ് രഞ്ജിത് വിവാദ പരാമർശം നടത്തിയത്.

എം രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ മദനോത്സവം എന്ന ചിത്രത്തിന്റെ സംവിധായകൻ സുധീഷ് ഗോപിനാഥ് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ സംവിധായകൻ രതീഷ് പൊതുവാളടക്കംകാസർകോട് നിന്നുള്ള ചലച്ചിത്രകാരന്മാരും രഞ്ജിതിനെതിരെ പ്രതികരിച്ചിരുന്നു.

Exit mobile version