തിരുവനന്തപുരം: ദി കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചി. ഈ സിനിമയ്ക്ക് പിന്നിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ടയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പ്രദർശനാനുമതി നൽകരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകൻ സുദിപ്തോ സെൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തിൽ കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോഡി വിതച്ച വിഭാഗീയതയുടെ വിത്തുകൾ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പർധയും ശത്രുതയും വളർത്താനുള്ള ബോധപൂർവമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.