തിരൂർ: പെരുന്നാളിന്റെ ആഘോഷം സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിക്കാനായി പോയ സുഹൃത്തുക്കളെ തേടിയെത്തിയത് ദാരുണമായ അപകടം. കൊടൈക്കനാലിലേക്ക് യാത്ര പോയ ആറംഗ സുഹൃദ്‌സംഘമാണ് തൃശൂർ നാട്ടികയിലൂടെ മടങ്ങി വരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായ അപകടം നാട്ടുകാരേയും തളർത്തുകയാണ്.
തിരൂർ സ്വദേശികളായ മുഹമ്മദ് റിയാൻ, മുഹമ്മദ് സഫ് വാൻ എന്നിവരാണ് മരിച്ചത്. പെരുന്നാൾ ആഘോഷത്തിനു പിന്നാലെ പുതിയ വീട്ടിലേക്ക് മാറാനുള്ള സന്തോഷത്തിൽ കൂടിയായിരുന്നു റിയാൻ. ഇതിനിടെയാണ് വീട്ടിലേക്ക് അപ്രതീക്ഷിതമായി ദുഃഖവാർത്ത എത്തിയത്.
ആലത്തിയൂരിൽ നിലവിൽ താമസിക്കുന്ന വീടിനടുത്തുതന്നെയാണ് റിയാന്റെ കുടുംബം പുതിയ വീട് പണിതത്. പണി ഏതാണ്ട് പൂർത്തിയായി. ഉടൻ മാറിത്താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു കുടുംബം. ഇതിനിടെയാണ് വിധി റിയാനെയും അടുത്തസുഹൃത്ത് മുഹമ്മദ് സഫ്വാനെയും തട്ടിയെടുത്തത്.
പെരുന്നാൾ ആഘോഷിച്ച് തൊട്ടടുത്ത ദിവസമാണ് ആലത്തിയൂരിൽ നിന്ന് 6 പേരടങ്ങുന്ന സംഘം കൊടൈക്കനാലിലേക്ക് യാത്ര തിരിച്ചത്. തിരിച്ച് വരുമ്പോൾ എറണാകുളം ഭാഗത്തേക്കും പോയി. പിന്നീട് മടങ്ങും വഴി നാട്ടികയിൽ വച്ചുണ്ടായ അപകടമാണ് രണ്ട് ജീവനുകളെ കവർന്നത്.
ആലത്തിയൂരിലേക്ക് ആദ്യമെത്തിച്ചത് മുഹമ്മദ് റിയാന്റെ മൃതദേഹമാണ്. വീട്ടിലെത്തിച്ച ശേഷം ഉറ്റബന്ധുക്കളെയും മറ്റും കാണിച്ചശേഷം കബറക്കത്തിനായി ആലത്തിയൂർ ടൗൺ ജുമാമസ്ജിദിലേക്കു കൊണ്ടുപോയി. മുക്കാൽ മണിക്കൂറിനു ശേഷം മുഹമ്മദ് സഫ്വാന്റെ മൃതദേഹവും എത്തിച്ചു. വീട്ടിൽ എത്തിച്ച ശേഷമാണ് പള്ളിയിലേക്കു കൊണ്ടുവന്നത്. പ്രാർഥനയ്ക്കുശേഷം പള്ളിയോടു ചേർന്ന ഹാളിൽ പൊതുദർശനത്തിനും വച്ചതിന് ശേഷമായിരുന്നു കബറടക്കം.
ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി കൂടിയായ മുഹമ്മദ് റിയാൻ ആലത്തിയൂർ ടൗണിലെ തന്റെ ബന്ധുവിന്റെ വ്യാപാര സ്ഥാപനത്തിൽ പലപ്പോഴും എത്താറുണ്ട്. അതുകൊണ്ടുതന്നെ ഇതുവഴി നാട്ടിലുള്ളവരുമായി നല്ല ബന്ധത്തിലായിരുന്നു. കൂട്ടുകാരനായ സഫ്‌വാനും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.