ആര്‍ക്കും ഉപ്പയോട് ഒരു ഇഷ്ടക്കുറവും ഇല്ല: മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും വിളിച്ചിരുന്നു; ആരോടും ഒരു പരാതിയുമില്ലെന്ന് മാമുക്കോയയുടെ മകന്‍

കോഴിക്കോട്: നടന്‍ മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍. സംസ്‌കാര ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതിയില്ലെന്ന് നിസാര്‍ പറഞ്ഞു. വിദേശത്തുളള മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ച് സാഹചര്യം അറിയിച്ചു, ഷൂട്ടിംഗ് മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പയ്ക്ക് വിയോജിപ്പാണ് എന്നും നിസാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പ്രതികരിച്ചു.

ആരും മനഃപൂര്‍വം വരാതിരുന്നല്ല, ആര്‍ക്കും ഒരു ഇഷ്ടക്കുറവും ഇല്ല. എല്ലാവരും വിളിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവര്‍ വിളിച്ചിരുന്നു. പെട്ടന്നായിരുന്നല്ലോ കബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. പത്ത് മണിക്ക് എത്തണമെങ്കില്‍ പുലര്‍ച്ചെ തന്നെ ഇറങ്ങേണ്ടി വരും. ഇവരൊന്നും വരുന്നതിലല്ലോ, പ്രാര്‍ഥിക്കുന്നതിലല്ലേ കാര്യം. ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. ആരോടും ഒരു പരാതിയുമില്ല. ഇവരൊക്കെ നല്ല സുഹൃത്തുക്കളും ഇഷ്ടക്കാരുമാണ്.

ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പയ്ക്കും താല്പര്യമുണ്ടായിരുന്നില്ല. ഇന്നസെന്റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടില്‍ ഉണ്ടായിരുന്നില്ല, ഒരു പരിപാടിക്ക് പോയതായിരുന്നു. അന്ന് വാപ്പയും വന്നിട്ടില്ല. വന്ന പിറ്റേദിവസം ഇന്നസെന്റിന്റെ വീട്ടില്‍ പോയി സംസാരിച്ചിരുന്നു.

ഉപ്പയ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പ, നിസാര്‍ വ്യക്തമാക്കി.

Exit mobile version