ഇടുക്കി: മൂന്നാര്‍ മേഖലകളെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക്. പുലര്‍ച്ചെ നാലേ മുക്കാലോടെ കാടുകയറിയ ദൗത്യസംഘം അരിക്കൊമ്പനെ കണ്ടെത്തി. ചിന്നക്കനാല്‍ സമന്റ് പാലത്തില്‍ വേസ്റ്റ് കുഴിക്ക് സമീപത്തായാണ് അരിക്കൊമ്പനെ കണ്ടെത്തിയത്.
പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് കാടുകയറിയത്. പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്. മഴ ഇത്തരത്തില്‍ മാറിനിന്നാല്‍ പതിനൊന്നു മണിയോടെ ദൗത്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം ഡി.എഫ്.ഒ. എന്‍ രാജേഷ് അറിയിച്ചു.
ദൗത്യത്തില്‍ നാല് കുങ്കിയാനകളുമുണ്ട്. സിമന്റുപാലം മേഖലയില്‍വെച്ച് മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ആന നിലവില്‍ ഈ പ്രദേശത്തുതന്നെയാണ് ഉള്ളതെന്നാണ് സൂചന. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനംവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. കോടതി നിര്‍ദേശപ്രകാരം രഹസ്യമായാണ് നടപടികള്‍.
മയക്കുവെടി വച്ചാല്‍ ഇന്ന് തന്നെ ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. അരിക്കൊമ്പനെ എവിടേക്ക് കൊണ്ടുപോകുമെന്നത് വനം വകുപ്പ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത. അരിക്കൊമ്പനെ പിടിക്കുന്നതിനെ തുടര്‍ന്ന് ചിന്നക്കനാലിലും ശാന്തന്‍പാറയിലും മൂന്ന് വാര്‍ഡുകളിലും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. ദൗത്യം തീരുന്നത് വരെ നിരോധനാജ്ഞ തുടരും.
രണ്ടര മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അരിക്കൊമ്പന് ദൗത്യം. വെറ്റിനറി സര്ജന്മാരും വനംവകുപ്പ് ജീവനക്കാരും സ്ഥലത്തുണ്ട്. ഇന്ന് ദൗത്യം ലക്ഷ്യം കണ്ടില്ലെങ്കില്‍ നാളെ വീണ്ടും ശ്രമം നടത്തും. വിവിധ വകുപ്പുകളില്‍ നിന്നായി 150 പേരാണ് ദൗത്യത്തിലുളളത്.
Discussion about this post