കോഴിക്കോട്: അടുത്തിടെ നടന്‍ ഇന്നസെന്റ് മരണപ്പെട്ടപ്പോഴാണ് പ്രമുഖ വ്യക്തികളുടെ മരണവീടുകളിലും പൊതുദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലും പ്രതികരണം തേടിയ
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നിറഞ്ഞിരുന്നത്.
പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം അവസാനമായി കണ്ടിറങ്ങുന്നവരുടെ മാനസികാവസ്ഥ പോലും നോക്കാതെ ബൈറ്റിന് വേണ്ടി മൈക്കും നീട്ടിയെത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ രീതി ശരിയല്ലെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ മാമുക്കോയയെ അവസാനമായി കാണാനെത്തിയവരോട് മാധ്യമപ്രവര്‍ത്തകര്‍ നീതി പുലര്‍ത്തി പുതിയ മാതൃക കാണിച്ചിരിക്കുകയാണ്. ഈ മാതൃകയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നമുക്ക് ഇങ്ങനെ ചെയ്താല്‍ പോരെ എന്ന ചോദ്യത്തില്‍ നിന്നുണ്ടായ ഉത്തരമായിരുന്നു നടന്‍ മാമുക്കോയയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ച കോഴിക്കോട് ടൗണ്‍ഹാളില്‍ കണ്ടത്.
സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം മാമുക്കോയക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയെങ്കിലും ബൈറ്റിന് വേണ്ടി ആരും തിരക്ക് ഉണ്ടാക്കിയില്ല. ടൗണ്‍ഹാളിന് പുറത്ത് ഒരു പോഡിയം സെറ്റ് ചെയ്ത് സംസാരിക്കേണ്ടവരെ അവിടെ എത്തിച്ചു. വന്നവരെല്ലാം പ്രിയ നടനെ അനുസ്മരിച്ച് മടങ്ങിപ്പോയി. കോഴിക്കോട്ട മാധ്യമപ്രവര്‍ത്തകരുടെ ഈ രീതി സംസ്ഥാനത്ത് ഉടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.