കൊച്ചി: സിനിമാ സംഘടനയുടെ വിലക്കിന് പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതരമായ ആരോപണവുമായി നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. മലയാള സിനിമയില്‍ എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ് ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന്. ജോലിസ്ഥലത്ത് ഇത് അനുവദിക്കില്ല.
ഷെയ്ന്‍ നിഗം മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് ഇവിടെ ആരും പറയുന്നില്ല. അയാള്‍ക്കെതിരെയുള്ള കുറ്റം അതല്ലല്ലോ. അയാള്‍ പറയുന്ന രീതിയില്‍ സിനിമയെടുക്കുക നടക്കില്ല. ശ്രീനാഥ് ഭാസിയുടെ കാര്യം അതല്ല. അയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്ക് മാത്രമല്ല മലയാള സിനിമയിലെ എല്ലാവര്‍ക്കും അറിയാം.
അതൊന്നുമല്ല പക്ഷെ ഇവിടെ കാരണം. അവരുടെ ജോലി കഴിഞ്ഞ് വീട്ടില്‍ പോയ ശേഷം അവര്‍ക്ക് എന്തും ചെയ്യാം, ഞങ്ങളുടെ കാര്യമല്ല അത്. മയക്കുമരുന്ന് ഉപയോഗിച്ച് ജോലി തടസ്സപ്പെടുത്താതെയിരുന്നാല്‍ മതി. സെറ്റില്‍ വന്ന് ഇത് ചെയ്യുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പാണ്. അത് മാത്രമല്ല, ശ്രീനാഥ് ഭാസി സമയത്തിന് സെറ്റില്‍ വരികയോ നിര്‍മ്മാതാക്കളോട് പ്രതിബദ്ധത കാണിക്കുകയോ ചെയ്യുന്നില്ലെന്നും സുരേഷ് കുമാര്‍ ആരോപിച്ചു.
നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഏപ്രില്‍ 25 മുതലാണ് നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതെന്ന് സിനിമാ സംഘടനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലഹരി ഉപയോഗം ഉള്‍പ്പെടുയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ പേരിലേയ്ക്ക് നടപടി നീളുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.