കൊച്ചി: ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പിടി ഉഷയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് പികെ ശ്രീമതി. ഗുസ്തി താരങ്ങള്‍ക്കെതിരായ പ്രസ്താവന പിടി ഉഷ പിന്‍വലിക്കണമെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു. പിടി ഉഷയും ഒരു സ്ത്രീയും അമ്മയുമാണ്. പെണ്‍കുട്ടികള്‍ പരാതികള്‍ പറയുമ്പോള്‍ ആരോപണ വിധേയന്റെ സംരക്ഷകയായി മാറരുതെന്നും പികെ ശ്രീമതി പറഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്കെതിരെ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ നടത്തിയ പരാര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചത്. തെരുവില്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു ഉഷയുടെ വിമര്‍ശനം.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്പോഴാണ് ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയുടെ വിമര്‍ശനം. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നു. ഇത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും വാര്‍ത്ത ഏജന്‍സിയോട് പിടി ഉഷ പറഞ്ഞു.
ഉഷയുടെ നിലപാട് ഞെട്ടിച്ചെന്നായിരുന്നു സമരം ചെയ്യുന്ന ഗുസ്തി താരം ബജ്രംഗ് പുനിയയുടെ പ്രതികരണം. കായിക താരങ്ങളുടെ സമരം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഗുസ്തി ഫെഡറേഷനിലെ ഒളിമ്പിക് അസോസിയേഷന്റെ ഇടപെടല്‍.
പുതിയ ഭരണ സമിതി നിലവില്‍ വരുന്നത് വരെ മൂന്നംഗ അഡഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷനെ മാറ്റിയിട്ടില്ല. താന്‍ നിരപരാധിയാണെന്നും, ആരോപണ വിധേയനായി കഴിയുന്നതിലും ഭേദം മരണമാണെന്നുമാണ് ബ്രിജ് ഭൂഷന്‍ ആവര്‍ത്തിക്കുന്നത്.