‘മാമുക്കോയ എറണാകുളത്ത് പോയി മരിക്കണമായിരുന്നു’; താരങ്ങളുടെ അവഗണനയ്‌ക്കെതിരെ സംവിധായകന്‍ വിഎം വിനു

കൊച്ചി: അന്തരിച്ച നടന്‍ മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് ആരോപിച്ച് സംവിധായകന്‍ വിഎം വിനു രംഗത്ത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ല, എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തില്‍ സംവിധായകന്‍ പറഞ്ഞു.

അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് മലയാള സിനിമ നല്‍കിയില്ല. പലരുടെയും സിനിമയുടെ വിജയത്തില്‍ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കാമായിരുന്നു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്.

സത്യന്‍ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവര്‍ത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാന്‍ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവര്‍ക്ക് വരാന്‍ പറ്റില്ലല്ലോ.

എത്രയെത്ര ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു, വിഎം വിനു പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്കാണ് മാമുക്കോയ അന്തരിച്ചത്. പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം രാവിലെ 10.15 ഓടെ കോഴിക്കോട് കണ്ണംപറമ്പിലാണ് മാമുക്കോയയുടെ മൃതദേഹം കബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. താരസംഘടനയുടെ പ്രതിനിധിയായി ഇടവേള ബാബു റീത്ത് സമര്‍പ്പിച്ചു. മറ്റ് പ്രധാന താരങ്ങളൊന്നും തന്നെ എത്തിയിരുന്നില്ല. അതില്‍ സോഷ്യലിടത്തും പ്രതിഷേധം നിറയുന്നുണ്ട്.

Exit mobile version