സിനിമാ സംഘടനകളിൽ അംഗമല്ലാത്ത ശ്രീനാഥ് ഭാസി സംഘടനകൾ നിസ്സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെ നിലപാട് മാറ്റവുമായി രംഗത്ത്. താരസംഘടനയായ അമ്മയിൽ അംഗത്വം തേടി നടൻ ശ്രീനാഥ് ഭാസി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് 25 ന് നടന്ന സംയുക്ത യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സിനിമാ സംഘടനാനേതാക്കൾ വ്യക്തമാക്കിയിരുന്നു. ഷെയ്ൻ നിഗം മുൻപ് നിർമ്മാതാവ് ജോബി ജോർജുമായുള്ള പ്രശ്നത്തിന് പിന്നാലെ അമ്മയിൽ അംഗത്വമെടുത്തിരുന്നു.
അതേസമയം, നിസ്സഹകരണം വന്നതോടെയാണ് അമ്മയിൽ അംഗത്വത്തിനായുള്ള അപേക്ഷ ശ്രീനാഥ് ഭാസി നൽകിയത്. താരം അംഗത്വത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ് സ്ഥിരീകരിച്ചു.
ശ്രീനാഥ് അമ്മയിലെ അംഗത്വത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യും. ജൂൺ 25 ന് സംഘടനയുടെ ജനറൽ ബോഡിയാണ്. അതിന് മുൻപ് ഒരു കമ്മിറ്റി ഉണ്ടാവേണ്ടതാണ്. അതിൽ ഈ വിഷയം മുന്നോട്ട് വരുമെന്നാണ് ബാബുരാജിന്റെ പ്രതികരണം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സംയുക്തമായ തീരുമാനമാണ് മൂന്ന് സിനിമ കഴിഞ്ഞവർ ഏതെങ്കിലും ഒരു സംഘടനയുടെ കീഴിൽ വരണം എന്നത്. നിർമ്മാതാക്കളുടെ കരാറിൽ തന്നെ വ്യക്തികളുമായല്ല മറിച്ച് അവർക്ക് അംഗത്വമുള്ള സംഘടനയുമായാണ് ഉടമ്പടി. ഒരു അഭിനേതാവിന് സുരക്ഷ ഉറപ്പാക്കാൻ സംഘടന വേണം. നിർമ്മാതാക്കൾ പറയുന്നതിലും കുറേ കാര്യങ്ങളുണ്ടെന്നാണ് ബാബുരാജ് പ്രതികരിച്ചത്.
Discussion about this post