മായാത്ത ചിരിയോടെ ചിരിയുടെ സുല്‍ത്താന്‍: മാമുക്കോയയ്ക്ക് കോഴിക്കോട് ഖബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം

കോഴിക്കോട്: അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയുടെ സംസ്‌കാരം ഇന്ന്. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനാണ് കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ 9:30-ന് അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നിസ്‌കാരത്തിന് ശേഷം 10 മണിയോടെ കണ്ണമ്പറത്ത് ശ്മശാനത്തില്‍ ഖബറടക്കം.

ഇന്നലെ വൈകീട്ട് 4:45-ഓടെയാണ് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച നടന് അന്ത്യോപചാരം അര്‍പ്പിക്കാനായി സിനിമ-നാടക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് ആളുകളുമാണ് എത്തിയത്. പൊതുദര്‍ശനം രാത്രി പത്ത് മണിവരെ നീണ്ടു. ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും നിരവധി പേരെത്തിയിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളിലേക്ക് നടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

നേരത്തെ കാന്‍സറിനും ചികിത്സ തേടിയിരുന്നു. സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്തിയത്. ഭാര്യ: സുഹറ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്. മരുമക്കള്‍: അബ്ദുല്‍ ഹബീബ് (ഖത്തര്‍), സക്കീര്‍ ഹുസൈന്‍ (കെഎസ്ഇബി), ജസി, ഫസ്ന.

Exit mobile version