കൊച്ചി: മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താന്‍ ഓര്‍മ്മയായിരിക്കുകയാണ്. നിരവധി താരങ്ങളാണ് മാമുക്കോയയെ അനുസ്മരിക്കുന്നത്. താരത്തിനോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. ഇപ്പോഴിതാ നടന്‍ ജയറാം മാമുക്കോയയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ്.
മാമുക്കോയയുടെ വിയോഗം വലിയ വിഷമമാണ്. കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോവുകയാണെന്നും ജയറാം പറഞ്ഞു. 35 വര്‍ഷത്തെ സൗഹൃദമാണ് മാമുക്കോയയുമായിട്ടുള്ളത്. ധ്വനി എന്ന സിനിമയില്‍ വെച്ചാണ് മാമുക്കോയയെ പരിചയപ്പെടുന്നത്. മാമൂക്കോയ ഇല്ലാത്ത സിനിമകള്‍ വളരെ കുറവാണ്. അത്രയുമധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് ജയറാം ഓര്‍മ്മ പങ്കിട്ടു.
ജീവിതത്തില്‍ സിനിമയിലേക്ക് തിരിഞ്ഞു നോക്കിയാല്‍ പുണ്യമെന്ന് കരുതുന്നത് ഇവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നതാണ്. ഇത് ദൈവാനുഗ്രഹവുമായി കാണുന്നുവെന്നും ജയറാം പറഞ്ഞു. ഓര്‍മകള്‍ മതി ഇനി ശിഷ്ടകാലമെന്നും ജയറാം പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ സിനിമ അഭിനയിക്കാന്‍ പോകുന്നത് കല്ല്യാണത്തിന് പോകുന്ന പോലെയാണ്. സിനിമകളില്‍ മാമുക്കോയ ഉള്‍പ്പടെ നിരവധി താരങ്ങളുണ്ടാകും. നാല്പതും അമ്പതും ദിവസം ഒന്നിച്ച് കൂടെ ചിലവഴിക്കും. അത്തരം കലാകാരന്മാരുടെ ലിസ്റ്റ് തീര്‍ന്നുവെന്നും ജയറാം പറഞ്ഞു.
ഉച്ചയ്ക്ക് 1.05ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മലപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ആരോഗ്യനില വഷളാക്കുകയായിരുന്നു.