കണ്ണൂർ: കഴിഞ്ഞദിവസം പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ ചോർച്ച. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന വന്ദേഭാരതിന് ഉള്ളിലേക്ക് മഴയത്ത് ചോർച്ചയുണ്ടായി. മുകൾ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളിൽ വെള്ളം കിനിഞ്ഞിറങ്ങിയത്. ഇതോടെ ജീവനക്കാർ ചോർച്ച അടയ്ക്കാനുള്ള ജോലികൾ ആരംഭിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് ആദ്യ സർവീസ് ആരംഭിച്ച വന്ദേഭാരത്, ബുധനാഴ്ച കാസർകോടുനിന്ന് തിരിച്ചു പുറപ്പെടാനിരിക്കുകയാണ്. വെള്ളം നിറയ്ക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കു വേണ്ടി ചൊവ്വാഴ്ച രാത്രി തന്നെ ട്രെയിൻ കാസർകോടുനിന്ന് കണ്ണൂരിലേക്ക് എത്തിച്ചിരുന്നു.
രാത്രി പതിനൊന്നു മണിയോടെയാണ് വന്ദേഭാരത് കണ്ണൂരിലെത്തിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് നിർത്തിയിട്ടിരുന്നത്. ഈ സമയത്ത് കനത്ത മഴയായിരുന്നു കണ്ണൂരിൽ. അതിനു ശേഷം ഇന്നു പുലർച്ചെയാണ് ട്രെയിനിനുള്ളിലെ ചോർച്ച ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വലിയ ചോർച്ചയല്ലെന്നും ചെറിയ ചോർച്ച ആണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ഒരു ബോഗിയ്ക്കുള്ളിൽ മാത്രമാണ് ചോർച്ചയുണ്ടായത്. എക്സിക്യുട്ടീവ് കോച്ചിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. ഈ ചോർച്ചയുണ്ടായത് സർവീസിനെ ബാധിക്കില്ലെന്നാണ് വിവരം. കാസർകോടുനിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കു ശേഷമാണ് വന്ദേഭാരത് പുറപ്പെടുക. അതിന് മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രെയിൻ കാസർകോട്ടേക്ക് എത്തിക്കാനാണ് നീക്കം. കൂടാതെ, ചോർച്ച എങ്ങനെയുണ്ടായി എന്ന കാര്യത്തിൽ ഉൾപ്പെടെ അന്വേഷണം നടത്തും.