സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ എഐ ക്യാമറകൾ സ്ഥാപിച്ച നടപടിയോട് എതിർപ്പ് അറിയിച്ച് എംഎൽഎ കെബി ഗണേഷ് കുമാർ. കേരളത്തിൽ കൂടുതൽ ആളുകളും ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരാണെന്നും അവരെ നിരാശപ്പെടുത്തുന്ന ഭരണ പരിഷ്‌കരണങ്ങൾ വലിയ അപകടങ്ങൾക്ക് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളിൽ കൂടുതൽ ആളുകളും സ്‌കൂട്ടർ ആണ് ഗതാഗതത്തിനു ഉപയോഗിക്കുന്നത്. അവർ കുട്ടികളെ ഹെൽമെറ്റ് ധരിപ്പിച്ചാണ് കൊണ്ടുപോകുന്നത്. നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് നല്ല കാര്യമെങ്കിലും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് കെബി ഗണേഷ് കുമാർ പ്രതികരിച്ചത്.
എഐ ക്യാമറ ആണ് ഇപ്പോൾ കേരളത്തിൽ പ്രധാന വിവാദ വിഷയം. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വണ്ടി ഓടിക്കുന്നത് നൂറു ശതമാനം തെറ്റാണ്. അതിന് 2000 അല്ല 3000 രൂപ ഫൈൻ അടിച്ചാലും തെറ്റില്ല. ലൈൻ മാറി വണ്ടി ഓടിക്കുന്നതും തെറ്റാണ്. ബെൽറ്റ് ഇടാതെ വണ്ടി ഓടിക്കുന്നതും തെറ്റാണ് കാരണം പഴയ അംബാസഡർ കാറല്ല ഇപ്പോഴത്തെ വണ്ടികൾ നല്ല സ്പീഡിൽ ആണ് പോകുന്നത് ഒരു ചവിട്ട് ചവിട്ടിയാൽ നമ്മുടെ തല ഇടിച്ചു പുറത്തുവരും, ബെൽറ്റിടാത്തതിൽ ഫൈൻ അടിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു കാര്യത്തിൽ എനിക്ക് എതിരുണ്ട്.
‘എന്നാൽ, ഭാര്യയും ഭർത്താവും രണ്ടു കുഞ്ഞുങ്ങളുമുള്ള ചില കുടുംബത്തിന് ഒരു കാറ് വാങ്ങാനുള്ള പാങ്ങൊന്നും ഉണ്ടായെന്നു വരില്ല. അവർക്ക് സഞ്ചരിക്കാൻ വേണ്ടി അവർ ഒരു സ്‌കൂട്ടർ വാങ്ങി ഇടും. ഭാര്യയ്ക്കും ഭർത്താവിനും ഒപ്പം കുഞ്ഞിനെ മുന്നിലോ ഇടയിലോ വച്ചുകൊണ്ടു പോകുന്നതിനെ എതിർത്ത് ഫൈൻ അടിക്കുന്നത് ദ്രോഹമാണെന്ന ഒരു അഭിപ്രായം എനിക്കുണ്ട്. എന്റെ അഭിപ്രായം ഞാൻ എല്ലായിടത്തും പറയും. കുഞ്ഞിനെ ചാക്കിൽ കയറ്റിയിട്ട് കാളാമുണ്ടവും കയ്യിൽ കൊടുത്തു കൊണ്ടുപോകുന്ന ട്രോളുകളൊക്കെ നമ്മൾ കാണുന്നുണ്ട്.’
‘നിയമങ്ങൾ മനുഷ്യർക്ക് വേണ്ടി ആകണം. കുഞ്ഞുങ്ങൾ ഹെൽമറ്റ് വയ്ക്കട്ടെ. ഞാൻ പല രാജ്യങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കുഞ്ഞുങ്ങളെയും കൊണ്ട് ടൂ വീലറിൽ പോകുന്നത് കണ്ടിട്ടില്ല. ഇന്തോനേഷ്യയിലും മറ്റും ആളുകൾ സ്‌കൂട്ടർ ആണ് ഉപയോഗിക്കുന്നത്. അവർ എല്ലാം ഹെൽമെറ്റ് വച്ചാണ് സ്‌കൂട്ടർ ഓടിക്കുന്നത്, അതിൽ ഏതു കുഞ്ഞാണ് അപകടത്തിൽ മരിച്ചത്.’
‘ഹെൽമെറ്റ് ഇടാത്തവർ മരിച്ചിട്ടുണ്ട്, ഓവർ സ്പീഡുകൊണ്ട് മരിച്ചിട്ടുണ്ട്, സർക്കസ് കാണിച്ചവന്മാർ മരിച്ചിട്ടുണ്ട് അതൊക്കെ ശരിയാണ്. പക്ഷേ നമ്മുടെ മുന്നിൽ ഇരുത്തി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഓടിച്ചുപോകുമ്പോൾ അവരെ ശിക്ഷിക്കുന്നത് ശരിയല്ല’- എന്നാണ് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. നമുക്കെല്ലാം കാറ് വാങ്ങാൻ പാങ്ങില്ല, നടപ്പിലാക്കുന്നവർക്ക് ചിലപ്പോൾ കാർ വാങ്ങാൻ പൈസ ഉണ്ടാകും, സാധാരണക്കാർക്ക് അതില്ല എന്ന് ഞാൻ ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണെ’ന്നും അദ്ദേഹം പറഞ്ഞു.
Discussion about this post