നെടുങ്കണ്ടം: കനത്ത കാറ്റിലും മഴയിലും പാലാർമെട്ടിലെ ആ വീട് തകർന്നപ്പോൾ സ്വപ്നങ്ങൾ നഷ്ടമായത് സഹോദരിമാരായ ആര്യയ്ക്കും മീരയ്ക്കുമായിരുന്നു. തങ്ങളുടെ പാഠപുസ്തകങ്ങളടക്കം തകർന്ന വീടിനൊപ്പം നഷ്ടപ്പെട്ടപ്പോൾ കരഞ്ഞുതളർന്ന കല്ലാർ സ്കൂളിലെ ഈ വിദ്യാർത്ഥിനികൾക്ക് ഇപ്പോഴിതാ സുരക്ഷിതമായി തലചായ്ക്കാൻ വീടൊരുങ്ങുകയാണ്.
പൂർണമായി വീട് തകർന്നെങ്കിലും പറ്റാവുന്നത്ര പാഠപുസ്തകങ്ങൾ വീട്ടിൽ നിന്നും എടുത്ത് വെയിലത്തുവെച്ച് ഉണക്കിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. മാർച്ച് മാസത്തിൽ വാർഷിക പരീക്ഷയുടെ തലേന്നാണ് ഏഴാം ക്ലാസുകാരി ആര്യയുടെയും അഞ്ചാം ക്ലാസുകാരി മീരയുടേയും വീട് കനത്ത മഴയിലും, കൊടുങ്കാറ്റിലും പൂർണമായി തകർന്നു പോയത്.
പിന്നീട്, പുസ്തകങ്ങൾ വെയിലത്തിട്ടുണക്കി പരീക്ഷ എഴുതി ഇവരുടെ വാർത്ത പുറത്തെത്തിയതോടെയാണ് ഈ വിദ്യാർത്ഥിനികളുടെ സങ്കടം പൂർവ്വ വിദ്യാർത്ഥി കൂടിയായ സജി ചാലിയിലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇദ്ദേഹമാണ് കല്ലാർ സ്കൂൾ വിദ്യാർഥിനികളും സഹോദരികളുമായ ആര്യക്കും മീരയ്ക്കും വീട് പണിയാൻ സ്കൂളിനടുത്ത് തന്നെ സഅഥലം സൗന്യമായി വിട്ടുമൽകിയിരിക്കുന്നത്. കല്ലാർ സ്കൂളിലെ പൂർവവിദ്യാർഥിയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമാണ് സജി ചാലിയിൽ. വീടുവെയ്ക്കാൻ ആറ് സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്.
ഈ സ്ഥലത്ത് അധ്യാപകരുടെയും, രക്ഷാകർതൃ സമിതിയുടെയും പങ്കാളിത്തത്തോടെ ആര്യക്കും മീരയ്ക്കും പുത്തൻ വീട് നിർമിച്ചു നൽകും. നേരത്തെ, പി.ടി.എ. പ്രസിഡന്റ് ടി.എം. ജോണും വൈസ് പ്രസിഡന്റ് ഷിജികുമാറും അധ്യാപകരും കുട്ടികളും തകർന്ന ഈ വീട് സന്ദർശിച്ചിരുന്നു. തുടർന്ന് ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ട് സ്കൂളിനടുത്ത് സ്ഥലം കണ്ടെത്തി പുതിയ വീട് നിർമിച്ചു നൽകുവാൻ തീരുമാനിക്കുകയായിരുന്നു.
ALSO READ- സ്കൂളില്‍ നിന്നും മടങ്ങവെ സ്കൂട്ടറില്‍ കാറിടിച്ച് അപകടം, അധ്യാപികയ്ക്ക് ദാരുണാന്ത്യം
സജി ചാലിയിൽ, പി.ടി.എ. പ്രസിഡന്റ് ടി.എം. ജോൺ, എസ്.എം.സി. ചെയർമാൻ ജി. ബൈജു, പി.ടി.എ. വൈസ് പ്രസിഡന്റ് ഷിജികുമാർ, അധ്യാപകരായ റെയ്സൺ പി.ജോസഫ്, റ്റിറോഷ് ജോർജ്, മഹേഷ് തുടങ്ങിയവർ സ്ഥലത്തെത്തിയാണ് സ്ഥലകൈമാറ്റവും വീട് പണിക്ക് ആരംഭവും കുറിച്ചിരിക്കുന്നത്. നെടുങ്കണ്ടം ഈസ്റ്റ് ഹിൽസ് റോട്ടറി ക്ലബ്ബാണ് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
Discussion about this post