കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. കസവു മുണ്ടുടുത്ത്
വെള്ള ജുബ്ബയും കസവിന്റെ മേല്‍മുണ്ടും ധരിച്ച് കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി എത്തിയത്. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി എത്തിയത്.
നാവിക സേനയുടെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ വ്യവസായ മന്ത്രി പി രാജീവ്, സൈനിക മേധാവികള്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, ചീഫ് സെക്രട്ടറി വി പി ജോയ്, ഹൈബി ഈഡന്‍ എംപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നാവിക വിമാനത്താളത്തില്‍ നിന്നും പ്രധാനമന്ത്രി കാല്‍ നടയായായണ് വെണ്ടുരുത്തി പാലത്തിലേക്ക് പോയത്. അവിടെ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. ഇരുപുറവും കാത്തു നിന്ന ജനങ്ങള്‍ പൂക്കള്‍ വാരിവിതറി. എസ് എച്ച് കോളേജ് ഗ്രൗണ്ടിലാണ് റോഡ് ഷോ അവസാനിക്കുക.
കനത്ത ചൂടിനെ അവഗണിച്ച് റോഡിനിരുവശവുമായി ആയിരക്കണക്കിന് പേര്‍ പ്രധാനമന്ത്രിയെ കാണാനായി തിങ്ങിക്കൂടിയിരുന്നു. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയും മുദ്രാവാക്യം മുഴക്കിയും ചെണ്ടമേളമടക്കമുള്ള വാദ്യങ്ങളോടും കൂടിയാണ് ജനങ്ങള്‍ നരേന്ദ്ര മോഡിയെ സ്വീകരിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡ് ഷോ നടക്കുന്നിടത്തും നഗരത്തിലുടനീളവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എസ് എച്ച് കോളേജ് മൈതാനത്ത് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് യുവം പരിപാടി നടക്കുന്നത്. വിവിധ കലാപരിപാടികള്‍ അരങ്ങേറുന്ന മൈതാനിയില്‍ വെച്ച് പ്രധാനമന്ത്രി യുവജനങ്ങളുമായി സംവദിക്കും. ഏഴ് മണിക്ക് പ്രധാനമന്ത്രി താജ് ഹോട്ടലിലേക്ക് പോകും. അവിടെ വെച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ള ക്രൈസ്തവ സഭാദ്ധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.