പൊട്ടിത്തെറികൾക്ക് ഒടുവിൽ കെഎസ്‌യു ജംബോ പട്ടിക റദ്ദാക്കി; വിവാഹിതരും പ്രായപരിധി പിന്നിട്ടവരും പുറത്ത് തന്നെ; അലോഷ്യസ് സേവിയറിന് പ്രായപരിധി

കൊല്ലം: ഏറെ വിവാദങ്ങൾക്ക് കാരണമായ കെഎസ്‌യു ജംബോ പട്ടിക റദ്ദാക്കി. കെഎസ്യു പുനഃസംഘടനാ പട്ടിക സംബന്ധിച്ച് പരാതികൾ നാനാഭാഗത്തുനിന്നും ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുതിയ പട്ടിക ഉടൻ പുറത്തിറക്കുമെന്നാണ് സൂചന.

നിലവിലെ പട്ടികയിൽ ഇടം നേടിയിരുന്ന വിവാഹിതർക്കും പ്രായപരിധി പിന്നിട്ടവർക്കും ഇനി പട്ടികയിൽ സ്ഥാനമുണ്ടാകില്ല. എങ്കിലും സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവിയറിന് പ്രായപരിധിയിൽ ഇളവുണ്ട്. പുനഃസംഘടനാ പട്ടിക സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ശൗര്യവീർ സിങ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു.

പരാതി ലഭിച്ചതിന് പിന്നാലെ വേണ്ട പരിശോധനകൾ നടത്തിയെന്നും ഉത്തരവിൽ പറയുന്നുണ്ട്. പുനഃസംഘടനാ പട്ടിക പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽനിന്ന് വലിയ മാറ്റം വരുത്തിയെന്ന ആരോപണം ഉയർന്നിരുന്നു.

വിവാഹിതരെയും പ്രായപരിധി പിന്നിട്ടവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ഭാരവാഹി പട്ടികയിൽ വിവാഹിതരായ ഏഴ് പേരെയും പ്രായപരിധി പിന്നിട്ട അഞ്ച് പേരെയും ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയ്ക്ക് പിന്നാലെ കെഎസ്‌യു ചുമതലകളിൽ നിന്നും വി ടി ബൽറാമും അഡ്വ. ജയന്തും ചുമതലയൊഴിഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കേന്ദ്രനേതൃത്വത്തിന് അതൃപ്തി അറിയിച്ച് കത്തും നൽകി.

ALSO READ- അർബുദം കവർന്നെടുക്കരുത്; 12കാരൻ ആദിലിന്റെ ജീവൻ രക്ഷിക്കണം; കൈകോർത്ത് മരട് ഗ്രാമം; സമാഹരിച്ചത് കാൽക്കോടി രൂപ!

കഴിഞ്ഞ ദിവസം രണ്ട് സംസ്ഥാന ഉപാധ്യക്ഷന്മാർ രാജി സമർപ്പിച്ചിരുന്നു. ആലപ്പുഴയിൽ നിന്നുള്ള എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരും, അനന്ത നാരായണനുമാണ് എൻഎസ്യു നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം ഉറച്ച് നിൽക്കുകയായിരുന്നു.

Exit mobile version