മരട്: വിദ്യാർത്ഥിയായ 12കാരൻ ആദിലിനെ അർബുദം കവരാതെ കാത്ത് ഒരു നാട്. ചികിത്സയ്ക്ക് ആവശ്യമായ പണം നാട്ടുകാരുടെ കൂട്ടായ്മയിൽ പിരിച്ചെടുത്തിരിക്കുകയാണ്. ഒരു നാട് ഒത്തുചേർന്നപ്പോൾ 25 ലക്ഷം രൂപയാണ് സമാഹരിക്കാനായത്. മരട് മണ്ണാമുറി ജെയിംസ് വർഗീസിന്റെയും നിമ്മിയുടെയും മകനാണ് 12 വയസ്സുള്ള ആദിൽ.
പൂണിത്തുറ സെയ്ന്റ് ജോർജ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആദിൽ. ഒരുവർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സയുടെ ഭാഗമായി മജ്ജ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിലെ ചികിത്സയുടെ ഭാഗമായി മജ്ജ മാറ്റിവയ്ക്കുന്നതിന് 30 ലക്ഷം രൂപയോളം ആവശ്യമായിരുന്നു.
നിർധന കുടുംബത്തിന് ഈ തുക ചിന്തിക്കാവുന്നതിനുമപ്പുറത്തായിരുന്നു. ഇതോടെയാണ് ഈ കുടുംബത്തിനായി മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ രക്ഷാധികാരിയും ഡിവിഷൻ കൗൺസിലർ പിഡി രാജേഷ് ജനറൽ കൺവീനറായും ചികിത്സാ സഹായനിധി നാട്ടുകാർ രൂപീകരിച്ചത്. രണ്ടുമാസംകൊണ്ട് സമാഹരിച്ച 26,20,000 രൂപയുടെ ചെക്ക് ആദിലിന്റെ പിതാവ് ജെയിംസിന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ കൈമാറി.