തിരുവനന്തപുരം: ബാലരാമപുരത്ത് മകന്റെ വീടിന്റെ ഒന്നാം നിലയിലെ കുളിമുറിയിൽ വയോധികയെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ജാവനൊടുക്കിയതെന്ന് പോലീസ്. സംഭവം കൊലപാതകമെന്ന സംശയത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് വയോധികയുടെ മരണം ആ ത്മ ഹ ത്യയെന്ന് തെളിഞ്ഞത്.
ഇക്കഴിഞ്ഞ 20 ന് രാവിലെയാണ് അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71) യെ മകൻ ബിനുവിന്റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വിഎസ് ഭവനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കുളിമുറിയിലാണ് ശ്യാമളയെ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന സംശയം ഉയർന്നത്.
പോലീസ് മരണ വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് കഴുത്തിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടത്.
പിന്നീട് കൊലപാതകമെന്നതിനുള്ള തെളിവുകൾ വീട്ടിലും മൃതദേഹത്തിലും നടത്തിയ പരിശോധനയിൽ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിഗമനവും ഇതുതന്നെയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
വ്യാഴാഴ്ച രാവിലെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയിൽ എത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് കുളിമുറിയിൽ തട്ടിവിളിക്കാൻ ശ്രമിക്കുമ്പോഴാണ് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ മരിച്ച ശ്യാമളയുടെ മകൻ ബിനുവും ഭാര്യ സജിതയും ഇളയമകൻ അനന്തുവുമാണ് താമസിക്കുന്നത്. മരണത്തിന് 10 ദിവസം മുൻപാണ് ശ്യാമള ഇവിടെ എത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണമെന്താണ് എന്ന് വ്യക്തമായിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Discussion about this post