തിരുവനന്തപുരം: കരാര്‍ പ്രകാരം മോഡുലാര്‍ കിച്ചണ്‍ ഉപഭോക്താവിന് നല്‍കാത്ത കടയുടമയ്‌ക്കെതിരെ നടപടിയെടുത്ത് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. നടപടിയെടുക്കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര പ്രത്യേക സബ് ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.
കിളളിപ്പാലം പോപ്പുലര്‍ കിച്ചണ്‍ ഗ്യാലറി ഉടമ എസ് സന്തോഷിന് ജയില്‍ ശിക്ഷയാണ് ഫോറം വിധിച്ചത്. ജില്ലാ ഫോറം പ്രസിഡന്റ് പി. വി. ജയരാജന്‍, മെമ്പര്‍മാരായ വിജു. വി.ആര്‍, പ്രീത ജി. നായര്‍ എന്നിവരുടേതാണ് ഉത്തരവ്.
തിരുമല ജയ് നഗര്‍ സ്വദേശി എന്‍ആര്‍ നാരായണനായിരുന്നു പരാതിക്കാരന്‍. പളളിച്ചല്‍ കല്ലുവിള സ്വദേശിയുമായ എസ്. സന്തോഷ് ആണ് മോഡുലാര്‍ കിച്ചണ്‍ നല്‍കാത്തതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്.
1,30,000 രൂപയാണ് കരാര്‍ തുക. ആദ്യ ഗഡുവായി 2014 നവംബറില്‍ 80,000 രൂപ വാങ്ങി. ആദ്യ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ബാക്കി തുകയില്‍ 25,000 രൂപയും രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ശേഷമുളള 25,000 രൂപയും നല്‍കാമെന്നായിരുന്നു കരാര്‍.
ആദ്യ ഘട്ടത്തിന്റെ പകുതി ആയപ്പോഴേ കട ഉടമ പരാതിക്കാരനില്‍ നിന്ന് 35,000 കൈപ്പറ്റി. കരാറിന് വിരുദ്ധമായി ആദ്യ ഘട്ടം പൂര്‍ത്തിയാക്കാതെ ബാക്കി 15,000 കൂടി ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ നല്‍കാന്‍ കൂട്ടാക്കിയില്ല. ജില്ലാ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിച്ച് നല്‍കിയ പണം മടക്കി കിട്ടാന്‍ ഹര്‍ജി നല്‍കി.
2015 സെപ്തംബറില്‍ ഫോറം പരാതിക്കാരന് കടയുടമ 1,15,000 രൂപയും കോടതി ചെലവായി 2000 രൂപയും നല്‍കാന്‍ വിധിച്ചെങ്കിലും കട ഉടമ ഇതുവരെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വിധി നടപ്പായി കിട്ടാന്‍ പരാതിക്കാരന്‍ വീണ്ടും ഫോറത്തെ സമീപിച്ചത്.
Discussion about this post