തവനൂർ: വീട്ടുകാരിൽ നിന്നു പിരിഞ്ഞ് 20 വർഷത്തോളം കഴിഞ്ഞ കരിഷ്മ ഒടുവിൽ വീടണഞ്ഞു. തവനൂരിലെ അഗതി മന്ദിരത്തിലേക്ക് കരിഷ്മയെന്ന അൻപതുകാരിയെത്തേടി മകനും ബന്ധുക്കളുമെത്തിയതോടെയാണ് ആരോരുമില്ലെന്ന വിഷമം മാറി കരിഷ്മയ്ക്ക് വീടണയാനായത്.
വാട്‌സാപ്പ് ഗ്രൂപ്പാണ് ഇവരുടെ പുനസമാഗമത്തിന് വഴികാട്ടിയായത്. മഹാരാഷ്ട്രയിലെ റായ്ഗർഹ് സ്വദേശിയാണ് കരിഷ്മ. ഇവർ 2008 മാർച്ച് 21 നാണ് പെരിന്തൽമണ്ണ പോലീസ് വഴി തവനൂർ റസ്‌ക്യൂ ഹോമിലെത്തിയത്.
മഹാരാഷ്ട്രയിലെ വാങ്ടി ഗ്രാമത്തിലെ അങ്കണവാടിയിൽ അധ്യാപികയായിരുന്ന കരിഷ്മ മാനസിക അസ്വസ്ഥതയെത്തുടർന്ന് പിഞ്ചുമക്കളെ വിദ്യാലയത്തിലേക്ക് അയച്ചശേഷം നാടുവിട്ട് പോവുകയായിരുന്നു. ഇവർ അഞ്ചു വർഷത്തോളം പലയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞതിനുശേഷമാണ് തവനൂരിലെ റസ്‌ക്യുഹോമിലെത്തിയത്.
സർക്കാർ റസ്‌ക്യൂ ഹോമിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്ഥാപന സൂപ്രണ്ട് മുഖേന കരിഷ്മയുടെ വിവരങ്ങൾ ശേഖരിച്ച് ‘മിസ്സിങ് പേഴ്‌സൺസ് കേരള’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു.
പിന്നാലെയാണ് ഇവരുടെ കുടുംബത്തെ കണ്ടെത്തിയത്. മക്കളും മറ്റു കുടുംബാംഗങ്ങളും വീഡിയോകോൾ വഴി കരിഷ്മയെ തിരിച്ചറിയുകയായിരുന്നു. പിന്നീട്, മകൻ അക്ഷയും ഭർത്താവിന്റെ സഹോദരൻ ദിലീപും ഭാര്യ വിമലും പിതൃസഹോദര പുത്രി കവിതയും ഭർത്താവ് രമേഷും റസ്‌ക്യുഹോമിലെത്തി കരിഷ്മയെ ബുധനാഴ്ച നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വനിതാ സംരക്ഷണ ഓഫീസർ ടി.എം. ശ്രുതി, സ്ഥാപന സൂപ്രണ്ട് എൻ. റസിയ, തവനൂർ മഹിളാമന്ദിരം സൂപ്രണ്ട് എൻ.ടി. സൈനബ, മിസ്സിങ് പേഴ്‌സൺസ് കേരള ഗ്രൂപ്പ് അഡ്മിനും തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടറുമായ ഒ.കെ. അഷറഫ് തുടങ്ങിയവർ ചേർന്നാണ് കരിഷ്മയെ യാത്രയാക്കിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് കരിഷ്മ കുടുംബത്തോടൊപ്പം നാട്ടിലേക്കു പോയത്.