തിരുവനന്തപുരം: എഐ ക്യാമറകൾ സ്ഥാപിച്ച് ഗതാഗത കുറ്റകൃത്യങ്ങൾ കണ്ടെത്തി പിഴയീടാക്കുന്നത് മേയ് 20 മുതലായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്ഥാപിച്ച എഐ ക്യാമറകൾ എല്ലാ മാസവും സ്ഥലം മാറ്റുമെന്നും ഗതാഗത മന്ത്രി അറിയിച്ചു. ഏപ്രിൽ 20 മുതൽ മേയ് 19 വരെ പിഴയീടാക്കില്ലെങ്കിലും നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമകളെ അറിയിക്കാനാണ് തീരുമാനം.
എത്ര തുക പിഴ ഈടാക്കാൻ സാധ്യതയുള്ള നിയമലംഘനമാണ് നടത്തിയതെന്ന് ഇതുവഴി അറിയാമെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച മുതൽ നിയമലംഘനങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എഐ.ക്യാമറ ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ ഒരു മാസത്തേക്ക് പിഴയുണ്ടായിരിക്കില്ല.
1,000 രൂപയാണ് ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച പിഴ. കേരളത്തിലിത് 500 രൂപയാണ്. അങ്ങനെ നോക്കിയാൽ വളരെ കുറച്ചു മാത്രമാണ് കേരളം ഈടാക്കുന്ന പിഴ. അപകടങ്ങൾ ഇല്ലാത്ത ദിവസങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഈ സംവിധാനങ്ങളെല്ലാം. എല്ലാ ജില്ലകളിലേക്കുമായി വാഹനങ്ങളുടെ വേഗം പരിശോധിക്കുന്ന മൊബൈൽ പരിശോധനാ സംവിധാനങ്ങൾ അധികമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഒരുമാസം ബോധവത്കരണം മാത്രമായിരിക്കും ലക്ഷ്യം. മേയ് 19 മുതൽ പിഴ ഈടാക്കും. ഇന്നുമുതൽ നിയമലംഘനം സംബന്ധിച്ച അറിയിപ്പുകൾ അതതു വ്യക്തികളുടെ സ്മാർട്ട് ഫോണിലേക്കെത്തും. ഇതിന്റെ പിഴത്തുക എത്രയെന്നതും ബോധ്യപ്പെടുത്തും.
ഇരുചക്ര വാഹനത്തിൽ സാധാരണ കുടുംബം യാത്രചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത് കേന്ദ്ര നിയമമാണ്.മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് നിയമം കൊണ്ടുവന്നത്. ഈ നിയമങ്ങൾ ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോൾ വിമർശനങ്ങളുമായി രംഗത്തുവരുന്നത്
ALSO READ-തനിക്ക് എതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചു; പരാതിയുമായി ആരാധ്യ ബച്ചൻ ഹൈക്കോടതിയിൽ
ഇനിമുതൽ ലൈസൻസ് കാർഡുകൾ സ്മാർട്ട് കാർഡുകളായിരിക്കും. നിലവിലെ ലൈസൻസ് ഉടമകൾക്ക് ഇപ്പോഴുള്ള ലൈസൻസ് സ്മാർട്ട് കാർഡ് ആക്കിമാറ്റാം. ഒരു വർഷത്തിനുള്ളിൽ ലൈസൻസ് സ്മാർട്ട് കാർഡാക്കുന്നതിന് 200 രൂപയും പോസ്റ്റൽ ചാർജും ഈടാക്കും. ഒരു വർഷം കഴിഞ്ഞാൽ 1,200 രൂപയും പോസ്റ്റൽ ചാർജുമാക്കി വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post