തിരൂർ: വന്ദേഭാരത് ട്രെയിനിന്റെ രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂർ സ്റ്റേഷനിൽ നിർത്താതെ പാഞ്ഞതിൽ ജനങ്ങൾക്ക് ആശങ്ക. എന്നാൽ തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കിയിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. കാസർകോട് സ്റ്റേഷനിലേക്കു നീട്ടിയതിനെ തുടർന്നാണ് ഇന്നലെ വീണ്ടും ട്രയൽ റൺ നടത്തിയത്.
കണ്ണൂർ മുതൽ കാസർകോട് വരെയുള്ള ഭാഗത്തെ ട്രയൽ റണ്ണിന് പ്രാധാന്യം കൊടുക്കുകയാണ് ചെയ്തത്. അതിനായാണ് വേഗത്തിൽ എത്താനായി തിരൂരിൽ നിർത്താതെ പോയതെന്നും തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥൻ വിശദീകരിച്ചു. 25ന് ആണ് ട്രെയിൻ സർവീസ് തുടങ്ങുന്നത്.
തിരൂർ വഴി രാവിലെ 10.44ന് ആണ് വണ്ടി കടന്നുപോയത്. വണ്ടി തിരൂരിൽ നിർത്തില്ലെന്നും ഒന്നാം പ്ലാറ്റ്‌ഫോമിനോടു ചേർന്ന ട്രാക്ക് ഒഴിച്ചിടണമെന്നും സ്റ്റേഷൻ മാസ്റ്റർക്കു നിർദേശം നൽകിയാണ് ട്രെയിൻ കടന്നുപോയത്. തിരൂരിൽ നിർത്താതെ പോകാൻ ലോക്കോ പൈലറ്റിനും നിർദേശമുണ്ടായിരുന്നു. 80 കിലോമീറ്റർ വേഗത്തിലാണ് വണ്ടി പാഞ്ഞുപോയത്. എന്നാൽ, തൃശൂരിലും കോഴിക്കോട്ടും നിർത്തിയിട്ട് തിരൂരിൽ നിർത്താതിരുന്നത് യാത്രക്കാർക്ക് ആശങ്കയുണ്ടാക്കി.
ALSO READ- കൊറിയൻ പോപ് താരം മൂൺബിൻ മരിച്ചനിലയിൽ; ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിലൂടെ പ്രശസ്തനായ താരം
ട്രെയിൻ ആദ്യത്തെ ട്രയൽ റണ്ണിനേക്കാൾ വേഗം കൂട്ടിയാണ് എത്തിയത്. തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.20ന് പുറപ്പെട്ട വണ്ടി തിരൂർ കടന്നു പോകാൻ എടുത്ത സമയം 5 മണിക്കൂർ 24 മിനിറ്റാണ്. കഴിഞ്ഞ തവണ ഇതിനു വേണ്ടിവന്നത് 5 മണിക്കൂർ 36 മിനിറ്റാണ്. തിരൂരിൽ നിർത്തിയില്ലെങ്കിലും കോഴിക്കോട്ട് 5 മിനിറ്റോളം നിർത്തിയിരുന്നു.