ലണ്ടൻ: കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചതിന് പിന്നാലെ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ. യുകെയിലെ ആശുപത്രിയിലാണ് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. പത്തനംതിട്ട പുന്നവേലി സ്വദേശിയായ ഷൈജു സ്കറിയ ജയിംസ് (37) ആണ് ഡെവണിന് സമീപം പ്ലിമത്തിൽ ഡെറിഫോർഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിൽ മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന.
ഷൈജുവിന്റെ ഭാര്യ നിത്യ നാല് ദിവസം മുമ്പാണ് സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്.ഈ സന്തോഷം ഷൈജു ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ബന്ധുക്കളെ തേടിയെത്തിയത്.
രണ്ട് വർഷം മുമ്പാണ് ഷൈജു യുകെയിൽ എത്തിയത്. മുൻപ് അദ്ദേഹം കുവൈത്തിൽ ജോലി ചെയ്തിരുന്നു. പ്ലിമത്തിൽ ബട്സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ന്യൂറോ സർജറി യൂണിറ്റിൽ നഴ്സായി ജോലി ചെയ്യുകയാണ്.
ഷൈജു ഭാര്യയുടെ പ്രസവാവശ്യത്തിനായി ആശുപത്രിയിൽ തന്നെയായിരുന്നു. തിങ്കളാഴ്ച മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം ആശുപത്രിയിൽ തിരിച്ചെത്തി ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചിലവഴിക്കുന്നതിനിടെയാണ് ശുചിമുറിയിലേക്ക് പോയത്. പിന്നീട് ഷൈജു തിരികെ വരാൻ വൈകുിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ- മിൽമ റിച്ച് പാലിന്റെ രണ്ടു രൂപ വിലവർധന പിൻവലിച്ചു; സ്മാർട്ട് പാലിന്റെ വില വർധനവിൽ മാറ്റമില്ലെന്നും മന്ത്രി
ഭാര്യ ഷൈജുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും കോൾ അറ്റൻഡ് ചെയ്തില്ല. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയായിരുന്നു. അവർ നടത്തിയ അന്വേഷണത്തിൽ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്ലിമത്തിലെ മലയാളി അസോസിയേഷനായ പിഎംസിസിയുടെ സജീവ പ്രവർത്തകനായ ഷൈജുവിന്റെ വിയോഗം സുഹൃത്തുക്കളെ മുഴുവൻ കണ്ണീരിലാഴ്ത്തി. പുന്നവേലി മുളയംവേലി മുരിക്കനാനിക്കൽ വീട്ടിൽ ജെയിംസ് ജോസഫിന്റെയും ജോളിമ്മയുടെയും മകനാണ് മരിച്ച ഷൈജു. മക്കൾ – ആരവ് (5), അന്ന (4 ദിവസം).
Discussion about this post