കോട്ടയം: പ്രസവ ശേഷം അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന് ഇനി പുതുജീവിതം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.
പത്തനംതിട്ട ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ് ഇനി മുതല്‍.
കുഞ്ഞിന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്നും മറ്റു അണുബാധകളൊന്നും ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെപി ജയപ്രകാശ് അറിയിച്ചു.
ചെങ്ങന്നൂര്‍ മുളക്കുഴയിലെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്ത കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ എട്ടുമാസമായ കുഞ്ഞിന്റെ തൂക്കം 1.3 കിലോ ആയിരുന്നു. ഇപ്പോള്‍ 1.43 കിലോ തൂക്കമുണ്ട്.
പ്രാഥമിക ചികിത്സകളെല്ലാം കുഞ്ഞിന് നല്‍കി. ആശുപത്രിയില്‍ പ്രത്യേക കരുതലാണ് കുഞ്ഞിന് നല്‍കിയത്. രണ്ടാഴ്ചയ്ക്ക് ശേഷം തുടര്‍ പരിശോധനയ്ക്കായി കുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
അമിത രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി പറഞ്ഞത് അനുസരിച്ചാണ് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുഞ്ഞിനെ കൊണ്ടുപോകുന്നതിനിടെ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.