കോഴിക്കോട്: കത്രിക വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയ സംഭവത്തിൽ നീതി തേടി വീണ്ടും സമരത്തിന് ഇറങ്ങുമെന്ന് ഹർഷിന. കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നൽകണമെന്നും ഹർഷിന ആവശ്യപ്പെട്ടു.
കൃത്യമായ നടപടി സർക്കാർ എടുത്തില്ലെങ്കിൽ 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരം തുടങ്ങുമെന്നാണ് ഹർഷിന വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് തന്റെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശാരീരിക – മാനസിക വേദനകൾ ഒരുപാട് അനുഭവിച്ചുവെന്നും ഹർഷിന പറഞ്ഞു. നേരത്തെ ഹർഷിനയുടെ സമരത്തിന് പിന്നാലെ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഹർഷിന ഉന്നയിച്ച കാര്യങ്ങൾ രണ്ടു അന്വേഷണത്തിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നീതി തേടി ഹർഷിന നടത്തിയ സമരം ആരോഗ്യ മന്ത്രി വീണ ജോർജ് ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു.
തങ്ങൾക്ക് മന്ത്രിയെ നേരിട്ട് ഫോണിൽ സംസാരിക്കാൻ പോലും കിട്ടിയില്ലെന്ന് ഹർഷിനയുടെ ഭർത്താവ് പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ അല്ല ഉന്നയിക്കുന്നത്. 2 ലക്ഷം രൂപയുടെ നഷ്ടം അല്ല ഉണ്ടായിട്ടുള്ളത്. എന്ത് അടിസ്ഥാനത്തിൽ ആണ് ഈ തുക തീരുമാനിച്ചത് എന്ന് അറിയില്ലെന്നും ഹര്ഷിനയുടെ ഭർത്താവ് പറഞ്ഞു.