തിരുവനന്തപുരം: കാച്ചാണിയിൽ നവവധുവായ അനുപ്രിയ എസ് നാഥ് ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ. ഭർതൃവീട്ടിൽ കടുത്ത ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയായിരുന്നുവെന്നും സ്ത്രീധനത്തെ ചൊല്ലി പീഡനം പതിവായിരുന്നുവെന്നും അനുപ്രിയയുടെ കുടുംബം ആരോപിച്ചു. ഭർത്താവിനും വീട്ടുകാർക്കുമെതിരെയാണ് യുവതിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
അനുപ്രിയയ്ക്ക് മർദ്ദനമേറ്റ് ഗർഭം അലസിയെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു. ബിടെക് ബിരുദധാരിയായിട്ടും ജോലിക്ക് വിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. കാച്ചാണി പമ്മത്തുമൂലയിൽ അനുപ്രിയ എസ് നാഥി(29)നെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വന്തം വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് എം മനുവിനും വീട്ടുകാർക്കുമെതിരെ അനുപ്രിയ എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്.
എട്ട് മാസം മുൻപായിരുന്നു കൊല്ലം അഞ്ചൽ സ്വദേശി മനുവുമായി വിവാഹം. വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോൾ മനു വിദേശത്ത് ജോലിക്ക് പോയി. എന്നാൽ ഈ സമയം ദര്ഭിണിയായിരുന്ന അനുപ്രിയയുടെ ഗർഭം ശാരീരിക ഉപദ്രവങ്ങളെ തുടർന്ന് അലസി.
പിന്നാലെ, അനുപ്രിയ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. എന്നാൽ മനുവും കുടുംബവും ഫോണിൽ വിളിച്ച് മാനസികമായി പീഡനം തുടർന്നു. വിവാഹത്തിന് അഞ്ച് ലക്ഷം രൂപ ചെലവായെന്നും തെണ്ടികല്യാണം നടത്തിയെന്നും പറഞ്ഞ് മാനസികമായി അനുപ്രിയയെ ഉപദ്രവിച്ചു.
താൻ വിവാഹശേഷം എട്ട് മാസം കൊണ്ട് അനുഭവിച്ച പീഡനങ്ങളൊക്കെ വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പാണ് അനുപ്രിയയുടേതായി കണ്ടെത്തിയിരിക്കുന്നത്. ഇത് ലഭിച്ചതോടെ ബന്ധുക്കൾ അരുവിക്കര പോലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.