തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്തുവെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. മംഗലപുരം ഷിബിനി കോട്ടേജില്‍ എസ് ഷംനാദ്(31), നെടുമങ്ങാട് പഴകുറ്റി അനിത ഭവനില്‍ എസ് അഖില്‍ (31) എന്നിവരാണ് പിടിയിലായത്.
ചാത്തന്നൂര്‍ താഴംകല്ലുവിള വീട്ടില്‍ ജി അഖില്‍ കൃഷ്ണനെ (30) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബസ് ജീവനക്കാരനായ അഖില്‍ കൊല്ലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്.
പ്രതികള്‍ സഞ്ചരിച്ച കാര്‍ അപകടകരമായ രീതിയില്‍ പിന്നിലേക്ക് എടുത്തതിനെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തത് തൊട്ടു പിന്നാലെ ബൈക്കിലെത്തിയ അഖിലാണെന്ന് തെറ്റിദ്ധരിച്ച് പ്രതികള്‍ പിന്തുടര്‍ന്നു. ശേഷം റോഡിന് നടുവില്‍ കാറു നിര്‍ത്തി അഖിലിനെ ആക്രമിക്കാന്‍ ശ്രമിച്ചു.
also read: വീട് എഴുതി നല്‍കിയില്ല: മുത്തശ്ശനും മുത്തശ്ശിയ്ക്കും വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി ചെറുമകന്‍
സംഭവത്തില്‍ ഭയപ്പെട്ട അഖില്‍ അവിടെ നിന്ന് ബൈക്കുമായി രക്ഷപ്പെട്ടു. പിന്നാലെ ‘അവനെ കാറിടിച്ചു കൊല്ലെടാ’ എന്ന് പറഞ്ഞു കൊണ്ട് അഖിനെ പിന്തുടര്‍ന്ന പ്രതികള്‍ തേക്ട ജംങ്ഷനു സമീപത്തുവെച്ച് ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. പിന്നീട് പ്രതികള്‍ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.