ആറാട്ടുപുഴ: അരിപ്പത്തിരി വിറ്റപ്പോള്‍ യുപിഐ ഇടപാടിലൂടെ 300 രൂപ കൈപ്പറ്റിയതിന്റെ പേരില്‍ മരവിപ്പിച്ച കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ട് തുറന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായില്‍ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് അക്കൗണ്ടാണ് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരുന്നത. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കേസുണ്ടെന്നായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം.
കോടതിയുടെ ഇടപെടലില്ലാതെ ആരോപിക്കപ്പെട്ട കേസിന്റെ നടപടിക്രമങ്ങള്‍ തീരാതെയും അക്കൗണ്ട് തുറന്നത് ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇസ്മായിലിന്റെ അക്കൗണ്ട് മരവിപ്പിച്ചത് മാധ്യ വാര്‍ത്തയായിരുന്നു.
തുടര്‍ന്ന് യുപിഐ ഇടപാടിന്റെ പേരില്‍ ഒരു നിയമ പിന്‍ബലവുമില്ലാതെ അക്കൗണ്ട് മരവിപ്പിക്കുന്ന നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ ബാങ്കും ഭരണകൂടവും പ്രതിരോധത്തിലായി. പ്രശ്‌നം ദേശീയതലത്തില്‍ വരെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇതോടെ എങ്ങനെയും തലയൂരാനുള്ള ശ്രമത്തിലായിരുന്നു ബാങ്കുകള്‍. ഇതിനിടയിലാണ് ആരോപിക്കപ്പെട്ട കേസ് പൊടുന്നനെ ആവിയായി പോയ പോലെ റദ്ദാക്കിയ അക്കൗണ്ട് ഒരു നടപടിക്രമവും കൂടാതെ തുറന്നു കൊടുത്തത്.
അക്കൗണ്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് അറുമാസമായി അനുഭവിച്ച പ്രയാസങ്ങള്‍ക്ക് വിരാമമായതിന്റെ സന്തോഷത്തിലാണ് ഇസ്മായില്‍. നാല് ലക്ഷം രൂപയാണ് 300 രൂപയുടെ പേരില്‍ തടഞ്ഞുവെച്ചത്.
വീട് നിര്‍മാണത്തിന്റെ ആവശ്യത്തിനായി കഴിഞ്ഞ ഒക്ടോബര്‍ ആറിന് പണമെടുക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ അമ്ബലപ്പുഴ ശാഖയില്‍ എത്തിയപ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം അറിയുന്നത്. വിവരങ്ങള്‍ രേഖാമൂലം തരണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അമ്പലപ്പുഴ ഫെഡറല്‍ ബാങ്ക് ശാഖ മാനേജര്‍ ഒക്ടോബര്‍ 10ന് നല്‍കിയ മറുപടിയില്‍ 2022 സെപ്തംബര്‍ 19ന് താങ്കളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ള 300 രൂപയുമായി ബന്ധപ്പെട്ട് ഒരു പൊലീസ് കേസ് ഉണ്ടെന്നും ഈ തുകയെക്കുറിച്ചുള്ള ഉറവിടം വ്യക്തമാക്കണമെന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്.