വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടി: എക്സിക്യൂട്ടീവ് കോച്ചില്‍ തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 2,400 രൂപ

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടി. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 1,400 രൂപയാണ്.

78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും. വന്ദേഭാരത് എക്സ്പ്രസ് ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്യും.

ഒന്നര വര്‍ഷത്തിനുളളില്‍ വന്ദേഭാരതിന്റെ വേഗത മണിക്കൂറില്‍ 110 ആകും. അതിന് ശേഷം വേഗത 130 കിലോമീറ്ററായി ഉയര്‍ത്തും. തിരുവനന്തപുരം റെയില്‍വേ മേഖല സമഗ്രമായി പരിഷ്‌കരിക്കും. തിരുവനന്തപുരം മേഖലയ്ക്ക് 165 കോടി നീക്കിവെക്കും. തിരുവനന്തപുരം, കൊച്ചുവേളി, നേമം, സ്റ്റേഷനുകളുടെ വികസനത്തിനാണ് ഈ തുക ചെലവഴിക്കുക. വര്‍ക്കല സ്റ്റേഷനെ ലോകോത്തര നിലവാരത്തിലാക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 25ന് രാവിലെയാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുക. തമ്പാനൂരില്‍ നിന്നാകും ട്രെയിന്‍ യാത്ര ആരംഭിക്കുക.

ഇന്നലെയാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ നടത്തിയത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴ് മണിക്കൂര്‍ 10 മിനിറ്റ് എടുത്താണ് കണ്ണൂരില്‍ എത്തിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത് ഏഴ് മണിക്കൂര്‍ 20 മിനിറ്റെടുത്താണ്. പരീക്ഷണ ഓട്ടം പത്ത് മിനിറ്റ് വൈകിയതിന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version