വന്ദേ ഭാരത് എക്‌സ്പ്രസ് പത്ത് മിനിറ്റ് വൈകി: റെയില്‍ വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ് പത്ത് മിനിറ്റ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്ണിനിടെയാണ് സംഭവം. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ പിഎല്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരീക്ഷണ ഓട്ടത്തിനിടെ പത്ത് മിനിറ്റാണ് വന്ദേഭാരത് വൈകിയത്.

പിറവത്ത്, വേണാട് എക്സ്പ്രസിന് ആദ്യം സിഗ്‌നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്‌സ്പ്രസ് വൈകി. ഇതോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്.

പിറവം സ്റ്റേഷനില്‍ വേണാട് എക്സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്സ്പ്രസിന് കടന്നുപോകാന്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫലാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. പരീക്ഷണ ഓട്ടത്തിലെ ശരാശരി വേഗം 70 കിലോ മീറ്റര്‍ ആണ്. പല സര്‍വീസുകളെയും പിടിച്ചിട്ടാണ് വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയത്.

Exit mobile version