തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി നാളെ കേരളത്തിലെത്തും. രോഗം മൂര്‍ച്ഛിച്ചതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രിംകോടതിയെ സമീപ്പിച്ചിരുന്നത്.
കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅ്ദനിക്ക് സുരക്ഷയ്ക്കായി അനുഗമിക്കേണ്ട ബംഗളുരു സിറ്റി പോലീസിലെ ആംഡ് റിസര്‍വ പോലീസിന്റെ സമയക്രമം കൂടി ലഭിക്കുന്ന മുറയ്ക്ക് യാത്ര ക്രമീകരിക്കും.
തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോകാനാണ് ആലോചിക്കുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ചെലവ് വഹിക്കേണ്ടത് മഅ്ദനിയാണെന്നാണ് കോടതിയുടെ നിര്‍ദേശം.
മഅ്ദനി ഇതിനുമുമ്പ് കേരളത്തില്‍ എത്തിയത് നാലു വര്‍ഷം മുമ്പാണ്. കിടപ്പായ ഉമ്മ അസുമാബീവിയെ കാണാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2018 നവംബര്‍ മൂന്നിനാണ് മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ വീട്ടിലേക്ക് മഅ്ദനി എത്തിയത്. അടുത്തിടെ മഅ്ദനിയുടെ ഇളയ മകന്‍ അഡ്വക്കേറ്റായി ചുമതലയേറ്റ സന്തോഷവും മഅ്ദനി പങ്കുവച്ചിരുന്നു.