തിരുവനന്തപുരം: കേരളത്തിൽ സഞ്ചാരം തുടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച ഏകദേശ ധാരണയായെന്ന് സൂചന. തിരുവനന്തപുരം – കണ്ണൂർ യാത്രയ്ക്ക് എക്സിക്യൂട്ടീവ് ചെയർകാറിൽ 2,150 രൂപയാവും ടിക്കറ്റ് നിരക്കെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസിലെ ഏറ്റവും ഉയർന്ന നിരക്കാവും 2,150 രൂപ.
അടിസ്ഥാന ചെയർകാർ നിരക്ക് 241 രൂപയായിരിക്കും 50 കിലോമീറ്റർ യാത്രയ്ക്ക്. ഇതേ മാതൃകയിൽ എക്സിക്യൂട്ടീവ് ചെയർകാർ നിരക്ക് 502 രൂപയുമാണ്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയർകാർ നിരക്ക് 1100 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2150 രൂപയും ആയിരിക്കും.
തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയും ആയിരിക്കും ചെയർകാറിന്റെയും എക്സിക്യൂട്ടീവ് ചെയർകാറിന്റെയും നിരക്ക്, തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം – തൃശ്ശൂർ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും, തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും. വന്ദേഭാരതിന്റെ ആദ്യ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കാനായി.
ഈമാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. അതിനുമുമ്പ് ഒരു ട്രയൽറൺകൂടി നടത്തിയേക്കുമെന്നാണ് വിവരം. ആദ്യ ട്രയൽറൺ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമായി വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് രണ്ടാമത്തെ ട്രയൽ റൺ.
Discussion about this post