തിരുവനന്തപുരം: കേരളത്തിന് പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ്
കണ്ണൂരിലെത്തി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട് എടുത്താണ് കണ്ണൂരിലെത്തിയത്.
തിരുവനന്തപുരത്ത് നിന്നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്. കണ്ണൂരില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ ഏഴ് മണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്.
50 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്തു നിന്ന് ട്രെയിന്‍ കൊല്ലത്തെത്തിയത്. കൊല്ലത്തു നിന്ന് 6.05ന് ട്രെയിന്‍ പുറപ്പെട്ടു. 7.26 ന് കോട്ടയത്തെത്തി. രണ്ട് മണിക്കൂര്‍ 20 മിനിറ്റാണ് തിരുവനന്തപുരത്തു നിന്ന് കോട്ടയത്തെത്താന്‍ എടുത്ത സമയം. ട്രെയിന്‍ എറണാകുളത്ത് എത്താന്‍ മൂന്ന് മണിക്കൂര്‍ 17 മിനിറ്റെടുത്തു. 8.28 നാണ് എറണാകുളം നോര്‍ത്തിലെത്തിയത്. 9.37 ന് തൃശൂരിലെത്തി. 5.10 ന് പുറപ്പെട്ട ട്രെയിന്‍ 11.16 ന് ആണ് കോഴിക്കോടെത്തിയത്.
നിരക്കും സ്റ്റോപ്പുകളും സംബന്ധിച്ച ഷെഡ്യൂള്‍ ഇന്ന് പുറത്തിറങ്ങിയേക്കും. രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയില്‍വേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിച്ചത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകള്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിന്‍ സെറ്റുകളാണ്. 52 സെക്കന്‍ഡുകള്‍ കൊണ്ടു 100 കിമീ വേഗം കൈവരിക്കാന്‍ വന്ദേഭാരതിന് സാധിക്കും.
പൂര്‍ണമായും ശീതീകരിച്ച ട്രെയിനും മുന്നിലും പിറകിലും ഡ്രൈവര്‍ ക്യാബുള്ളതിനാല്‍ ദിശ മാറ്റാന്‍ സമയ നഷ്ടമുണ്ടാകില്ല എന്നതൊക്കെയാണ് വന്ദേഭാരതിന്റെ പ്രത്യേകത. എല്‍ഇഡി ലൈറ്റിങ്, ഓട്ടോമാറ്റിക് ഡോറുകള്‍, എക്സിക്യൂട്ടീവ് ക്ലാസില്‍ റിവോള്‍വിങ് ചെയറുകള്‍ ഉള്‍പ്പെടെ മികച്ച സീറ്റുകള്‍, ജിപിഎസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വിമാന മാതൃകയില്‍ ബയോ വാക്വം ശുചിമുറികള്‍ എന്നിവയുള്‍പ്പെട്ടതാണ് വന്ദേഭാരത്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയുന്നതാണ് വന്ദേഭാരത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തില്‍ പോകാനാവില്ലെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഏഴ് ഏഴര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കും. 501 കിലോമീറ്റര്‍ ഏഴ് ഏഴര മണിക്കൂര്‍ കൊണ്ട് പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകളാണ് ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനു കൈമാറിയിരിക്കുന്നത്.
അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയില്‍വെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
Discussion about this post