തിരുവനന്തപുരം: വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വന്ദേ ഭാരത് കെ-റെയിലിന് ബദലാകില്ല.
കേരളമാണ് ഏറ്റവുമധികം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ജനങ്ങളുള്ള സംസ്ഥാനം.
മറ്റ് പലയിടത്തും ആളുകള്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാറില്ലെന്ന് റെയില്‍വേ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമാനം നല്‍കുന്ന കേരളത്തില്‍ അതിനനുസരിച്ചുള്ള ട്രെയിനുകള്‍ പുതിയത് ലഭിക്കുന്നില്ല. ബോഗികള്‍ പലതും തൊടാന്‍ പേടിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വന്ദേ ഭാരത് പുതിയ ബോഗികള്‍ ഉള്ള ട്രെയിനാണ്. പക്ഷെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊടുത്തതിന് ശേഷം കേരളത്തിന് ലഭിക്കുന്നു. കുറെ കാലത്തിന് ശേഷം ഒരു ട്രെയിന്‍ ലഭിച്ചത് സന്തോഷം. എന്നാല്‍ കൃത്രിമയായി സന്തോഷം പടര്‍ത്തുന്നവരാണ് ഉള്ളത്.
നിലവിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെടാതെ എങ്ങനെ വന്ദേ ഭാരത് യാത്ര സാധ്യമാകുമെന്നത് പരിശോധിക്കണം. കേരളത്തിലെ നിലവിലുള്ള ട്രെയിന്‍ പാതയ്ക്ക് മാറ്റം വരുത്താതെ വന്ദേ ഭാരത് ട്രെയിനിന്റെ ഉപയോഗം എത്രത്തോളമാണെന്നാണ് പ്രധാനം. നിലവിലുള്ള സ്ഥിതി അനുസരിച്ച് ജനശദാബ്ദിയുടെയും രാജധാനിയുടെയും വേഗത്തില്‍ മാത്രമേ വന്ദേ ഭാരതിന് പോകാന്‍ കഴിയൂ.
626 വളവുകള്‍ കേരളത്തില്‍ നികത്തണം. നിലവിലുള്ള സംവിധാനം തടസപ്പെടുത്താതെ അത് സാധ്യമാകില്ല. ഇതിന് വരുന്ന ചിലവ് അതിഭീകരമാണ്. എന്നാല്‍ സില്‍വര്‍ ലൈന്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. 3 മിനിറ്റില്‍ ഒരു ട്രെയിന്‍ എന്ന നിലയില്‍ മാറ്റാനാകും. സില്‍വര്‍ ലൈന് ഒന്നും ബദലല്ല ഇത്തരം സംവിധാനങ്ങള്‍ എന്നും മന്ത്രി പറഞ്ഞു.