കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഐപിസി. 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ അടക്കം സൂചനകള്‍ നല്‍കിയിട്ടും പ്രതിക്കെതിരേ യുഎപിഎ ചുമത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഷാരൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയില്‍ കിട്ടിയിട്ട് പത്ത് ദിവസത്തോളമായിട്ടും ദുരൂഹതകള്‍ക്കൊന്നും മറുപടികിട്ടാത്ത സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
ആക്രമണത്തിന് തനിക്കാരുടെയും സഹായം കിട്ടിയിട്ടില്ലെന്ന മൊഴിയില്‍ ഷാരൂഖ് സെയ്ഫി ഉറച്ചുനില്‍ക്കുന്നതും തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ സൂചന നല്‍കിയിട്ടും അതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതും കേരള പോലീസിന് അന്വേഷണത്തില്‍ പ്രതിസന്ധിയായിരുന്നു.