കണ്ണൂർ: വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിച്ചതിനെ സംബന്ധിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വന്ദേ ഭാരത് സിൽവർലൈനിന് ബദലല്ല. ഏറ്റവും പിന്നണിയിൽ നിൽക്കുന്ന സാമൂഹികജീവിതത്തിന്റെ ഭാഗമായിട്ടുള്ളവർക്ക് പോലും കെറെയിൽ ആശ്രയിക്കാനാകുമെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു.
ഇന്നല്ലെങ്കിൽ നാളെ സിൽവർലൈൻ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിൽവർലൈൻ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
അപ്പവുമായി കുടുംബശ്രീക്കാർ സിൽവർലൈനിൽ തന്നെ പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ‘വന്ദേ ഭാരതിൽ പോയാൽ അപ്പം കേടാകും. വന്ദേ ഭാരത് സിൽവർലൈനിന് ബദലല്ല. ഏറ്റവും പിന്നണിയിൽ നിൽക്കുന്ന സാമൂഹികജീവിതത്തിന്റെ ഭാഗമായിട്ടുള്ളവർക്ക് പോലും കെറെയിൽ ആശ്രയിക്കാനാകും’- എംവി ഗോവിന്ദൻ വ്യക്തമാക്കി.
നേരത്തെ, വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം സംസ്ഥാനത്ത് നടക്കുന്നതിനിടെ സിപിഎമ്മിനെയും എംവി ഗോവിന്ദനെയും പരിഹസിച്ച് ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്തുനിന്ന് അത് വിറ്റശേഷം തിരിച്ച് ഷൊർണൂരിലേക്കും വളരെവേഗം എത്താൻ സാധിക്കുമെന്നായിരുന്നു കൃഷ്ണദാസിന്റെ പരിഹാസം.